ആർസനലിന് സമനിലക്കുരുക്ക്, വിജയത്തോടെ 13 പോയിന്റ് ലീഡുമായി ലിവർപൂൾ ഒന്നാമത്; മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ് ജയിച്ചു

Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ആർസനലും മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങം ഫോറസ്റ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ, ന്യൂകാസിൽ യുണൈറ്റഡിനെ വീഴ്ത്തിയ ലിവർപൂളിന് ഒന്നാം സ്ഥാനത്ത് 13 പോയിന്റ് ലീഡ്. മത്സരത്തിന്റെ ഇരുപകുതികളിലുമായി ഡൊമിനിക് സൊബോസ്‌ലായ് (11–ാം മിനിറ്റ്), അലെക്സിസ് മക്‌അലിസ്റ്റർ (63–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്.
ഇതോടെ 28 കളികളിൽനിന്ന് 20–ാം ജയം കുറിച്ച ലിവർപൂളിന് 67 പോയിന്റായി. രണ്ടാമതുള്ള ആർസനലിന് 27 കളികളിൽനിന്ന് 54 പോയിന്റും മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ങമിന് അത്രതന്നെ മത്സരങ്ങളിൽനിന്ന് 48 പോയിന്റുമാണുള്ളത്.
അതേസമയം, കരുത്തരായ ടോട്ടനം ഹോട്സ്പറിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്ത് തിരിച്ചെത്തി. സീസണിലെ 14–ാം ജയം കുറിച്ച സിറ്റി, 47 പോയിന്റുമായാണ് നാലാം സ്ഥാനത്തെത്തിയത്. 12–ാം മിനിറ്റിൽ സൂപ്പർതാരം എർലിങ് ഹാലണ്ട് നേടിയ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. സീസണിലെ 14–ാം തോൽവി വഴങ്ങിയ ടോട്ടനം 33 പോയിന്റുമായി 13–ാം സ്ഥാനത്താണ്.
പൊരുതിക്കളിച്ച ഇപ്സ്‌വിച്ച് ടൗണിനെ 3–2ന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് 14–ാം സ്ഥാനത്തേക്ക് കയറി. നാലാം മിനിറ്റിൽത്തന്നെ ലീഡു നേടിയ ഇപ്സ്‌വിച്ചിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് യുണൈറ്റഡ് വീഴ്ത്തിയത്. മാത്തിസ് ഡി ലൈറ്റ് (26–ാം മിനിറ്റ്), ഹാരി മഗ്വയർ (47–ാം മിനിറ്റ്) എന്നിവർ യുണൈറ്റഡിനായി ഗോൾ നേടിയപ്പോൾ, 22–ാം മിനിറ്റിലെ ആദ്യ ഗോൾ ഇപ്‍സ്‌വിച്ച് താരം സാം മോർസിയുടെ സെൽഫ് ഗോളായിരുന്നു. ഇപ്സ്‌വിച്ചിനായി ജെയ്ഡൻ ഫിലോഗെനെ ഇരട്ടഗോൾ (4, 45+2) നേടി. പാട്രിക് ദോർഗു 43–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ, ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ചാണ് യുണൈറ്റഡ് വിജയം നേടിയത്.