കോഴിക്കോട്ട് സ്വന്തം തട്ടകത്തിൽ ഗോൾമഴയ്ക്കൊടുവിൽ ഗോകുലത്തിന് തോൽവി; ഷില്ലോങ് ലജോങ്ങിനോട് തോറ്റത് 4–3ന്!

Mail This Article
കോഴിക്കോട്∙ വിജയത്തുടർച്ചയ്ക്കു ശേഷം ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‍സിക്ക് തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയോടാണ് ഗോകുലം തോറ്റത്. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4–3നാണ് ഷില്ലോങ് ലജോങ് എഫ്‍സി ഗോകുലത്തെ തോൽപ്പിച്ചത്. ഷില്ലോങ്ങിനായി ഫ്രാങ്കി ബുവാമും (14, 50), ഗോകുലത്തിനായി താബിസോ ബ്രൗണും (9, 54) ഇരട്ടഗോൾ നേടി. മാർക്കോസ് സിൽവ (85), റെനാൻ പൗളീനോ (90+6) എന്നിവരാണ് ഷില്ലോങ്ങിന്റെ മറ്റു ഗോളുകൾ നേടിയത്. ഗോകുലത്തിന്റെ മൂന്നാം ഗോൾ 88–ാം മിനിറ്റിൽ മഷൂർ ഷെരീഫ് നേടി.
ഈ തോൽവിയോടെ 17 മത്സരത്തിൽനിന്ന് 25 പോയിന്റുമായി ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തേക്കിറങ്ങി. ഇനി മാർച്ച് ഒൻപതിന് എവേ മത്സരത്തിൽ രാജ്സ്ഥാൻ യുണൈറ്റഡിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
മത്സരത്തിന്റെ 9–ാം മിനിറ്റിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തിയതാണ്. പിന്നീടങ്ങോട്ട് അടിയും തിരിച്ചടിയുമായി പുരോഗമിച്ച മത്സരത്തിൽ ആകെ പിറന്നത് ഏഴു ഗോളുകൾ. 14–ാം മിനിറ്റിൽത്തന്നെ ഗോൾ മടക്കി ലജോങ് മത്സരത്തിലേക്ക് തിരിച്ചു വന്നു. ഫ്രാങ്കി ബുവാം നേടിയ ഗോളോടെ ഇടവേളയ്ക്കു പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ചിത്രം മാറി. 50–ാം മിനിറ്റിൽ ഫ്രാങ്കി ബുവാം വീണ്ടും ഗോൾ നേടി ലജോങ്ങിനെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം സമനില പിടിച്ചു. 85–ാം മിനിറ്റിൽ ലജോങ് മൂന്നാം ഗോളും നേടി ഗോകുലത്തെ സമ്മർദത്തിലാക്കി. പകരക്കാരനായി കളത്തിലെത്തിയ മഷൂർ ഷെരീഫിലൂടെ 88–ാം മിനിറ്റിൽ ഗോൾ നേടി ഗോകുലം വീണ്ടും സമനില പിടിച്ചു.
എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റിൽ ഗോകുലത്തിന്റെ ബോക്‌സിന് മുന്നിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ചാണ് ലജോങ് ജയിച്ചു കയറിയത്. റെനാൻ പൗളീനോയാണ് ഗോകുലത്തിന്റെ ചങ്കു തകർത്ത് ഷില്ലോങ്ങിനായി വിജയഗോൾ നേടിയത്.