ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ പിഎസ്വിക്കെതിരെ ആർസനലിന്റെ ഗോൾവർഷം (7–1); മഡ്രിഡ് ഡാർബിയിൽ റയലിന് 2–1ന്റെ വിജയം

Mail This Article
മഡ്രിഡ്∙ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെതിരെ ഗോൾവർഷവുമായി കൂറ്റൻ വിജയം കുറിച്ച് ആർസനൽ, മഡ്രിഡ് ക്ലബുകളുടെ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി റയൽ മഡ്രിഡ്, ക്ലബ് ബ്രൂഷെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ആസ്റ്റൺ വില്ല, തുല്യശക്തികളുടെ പോരാട്ടത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ സമനിലയിൽ തളച്ച് ഫ്രഞ്ച് ക്ലബ് ലീൽ.... യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യ പാദ പോരാട്ടങ്ങളുടെ ആദ്യദിനത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ. പിഎസ്‌വി ഐന്തോവന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7–1ന്റെ കൂറ്റൻ വിജയമാണ് ആർസനൽ സ്വന്തമാക്കിയത്. ആസ്റ്റൺ വില്ലയുടെ 3–1 വിജയവും എതിരാളികളുടെ തട്ടകത്തിലെങ്കിൽ, റയൽ മഡ്രിഡ് സ്വന്തം തട്ടകത്തിലാണ് 2–1ന് അത്‍ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയത്.
റോഡ്രിഗോ (നാലാം മിനിറ്റ്) ബ്രാഹിം ഡയസ് (55–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളിലാണ് റയൽ മഡ്രിഡ് അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തിയത്. അത്‌ലറ്റിക്കോയുടെ ഏക ഗോൾ 32–ാം മിനിറ്റിൽ അർജന്റീന താരം യൂലിയൻ അൽവാരസ് നേടി. ഈ സീസണിൽ ഒൻപതു മത്സരങ്ങളിൽനിന്ന് അർജന്റീന താരത്തിന്റെ ഏഴാം ഗോളായിരുന്നു ഇത്. രണ്ടാം പാദ മത്സരം ഈ മാസം 12ന് അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടക്കും.
പിഎസ്‌വി ഐന്തോവന്റെ തട്ടകത്തിൽ നടന്ന മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ, ആറു താരങ്ങൾ ചേർന്നാണ് ആർസനലിനായി ഏഴു ഗോൾ നേടിയത്. 45, 73 മിനിറ്റുകളിലായി ലക്ഷ്യം കണ്ട മാർട്ടിൻ ഒഡെഗാർഡ് മാത്രമാണ് ഇരട്ടഗോൾ നേടിയ താരം. മറ്റു ഗോളുകൾ ജൂറിയൻ ടിംബർ (18–ാം മിനിറ്റ്), ഏതൻ വാനേരി (21), മൈക്കൽ മെറീനോ (31), ലിയാൻഡ്രോ ട്രൊസാർഡ് (45), കലാഫിയോറി (85) എന്നിവർ നേടി. പിഎസ്‌വിയുടെ ആശ്വാസഗോൾ 43–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നോവ ലാങ് നേടി.
മത്സരം അവസാന 10 മിനിറ്റിലേക്കു കടക്കുന്നതുവരെ 1–1ന് സമനിലയിൽ ‘പിടിച്ചുവച്ച’ ക്ലബ് ബ്രൂഷെയെ, അവസാന 10 മിനിറ്റിൽ വെറും ഏഴു മിനിറ്റിന്റെ ഇടവേളയിൽ നേടിയ ഇരട്ടഗോളുകളിലാണ് ആസ്റ്റൺ വില്ല ഞെട്ടിച്ചത്. മൂന്നാം മിനിറ്റിൽ ലിയോൺ ബെയ്‌ലി നേടിയ ഗോളിൽ ലീഡെടുത്ത ആസ്റ്റൺ നില്ലയെ, 12–ാം മിനിറ്റിൽ മാക്സിം ഡികുയ്‌പെറിലൂടെ ക്ലബ് ബ്രൂഷെ സമനിലയിൽ പിടിച്ചതാണ്. ഇതേ സ്കോറിൽ 82–ാം മിനിറ്റുവരെ പിടിച്ചുനിന്ന ക്ലബ് ബ്രൂഷെയ്‌ക്ക്, ബ്രാണ്ടൻ മിഷേൽ വഴങ്ങിയ സെൽഫ് ഗോളാണ് തിരിച്ചടിയായത്. 88–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മാർക്കോ അസെൻസിയോ ലീഡ് 3–1 ആക്കി ഉയർത്തുകയും ചെയ്തു.
മറ്റൊരു പ്രീക്വാർട്ടർ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിൽ ലീഡെടുത്ത ബൊറൂസിയ ഡോർട്മുണ്ടിനെ, രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ലീൽ സമനിലയിൽ തളച്ചത്. 22–ാം മിനിറ്റിൽ കരിം അഡെയെമി നേടിയ ഗോളിലാണ് ബൊറൂസിയ ലീഡ് പിടിച്ചത്.. 68–ാം മിനിറ്റിൽ ഹാകൻ ഹാറാൾഡ്സൻ നേടിയ ഗോളിൽ ലീൽ സമനില സ്വന്തമാക്കി. രണ്ടാം പാദം സ്വന്തം തട്ടകത്തിലാണെന്ന ആത്മവിശ്വാസത്തോടെയാകും ലീലിന്റെ മടക്കം.