10 പേരായി ചുരുങ്ങിയ ബാർസയ്ക്ക് റാഫീഞ്ഞ രക്ഷകൻ, അലിസൻ ലിവർപൂളിന്റെ ‘കാവൽ മാലാഖ’; ജയിച്ചുകയറി ബയൺ, ഇന്റർ

Mail This Article
ലിസ്ബൺ∙ മത്സരത്തിന്റെ ഏറിയപങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ബാർസിലോന. ബ്രസീലിയൻ താരം റാഫീഞ്ഞ ഒരിക്കൽക്കൂടി രക്ഷകവേഷമണിഞ്ഞതോടെയാണ് ബാർസ ബെൻഫിക്കയെ വീഴ്ത്തിയത്. കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി. ജർമൻ ക്ലബുകളുടെ പോരാട്ടത്തിൽ ബയേർ ലെവർക്യൂസനെ 3–0ന് തകർത്ത് ബയൺ മ്യൂണിക്ക് ആദ്യപാദം ഗംഭീരമാക്കി. ഡച്ച് ക്ലബ് ഫെയെനൂർദിനെ 2–0ന് തോൽപ്പിച്ച് ഇന്റർ മിലാനും ക്വാർട്ടറിലേക്ക് ആദ്യപാദം വച്ചു.
യുവതാരം പൗ കുബാർസി 22–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ബാർസിലോനയെ, 61–ാം മിനിറ്റിലാണ് തകർപ്പൻ ഗോളുമായി റാഫീഞ്ഞ രക്ഷപ്പെടുത്തിയത്. ബെൻഫിക്കയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്താണ് റാഫീഞ്ഞ ലക്ഷ്യം കണ്ടത്. സീസണിൽ റാഫീഞ്ഞയുടെ 25–ാം ഗോളാണിത്, ഒൻപതാമത്തെ ചാംപ്യൻസ് ലീഗ് ഗോളും.
പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ 87–ാം മിനിറ്റിൽ ഹാർവി എലിയട്ട് നേടിയ ഗോളിലാണ് ലിവർപൂളിന്റെ വിജയം. പിഎസ്ജിയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ, ഗോൾകീപ്പർ അലിസൻ ബെക്കറിന്റെ തകർപ്പൻ പ്രകടനമാണ് ലിവർപൂളിന് രക്ഷയായത്. പിഎസ്ജി 27 തവണ ഗോളിലേക്ക് ലക്ഷ്യമിട്ടിട്ടും മത്സരം കൈവിട്ടതിനു പിന്നിൽ അലിസന്റെ രക്ഷാകരങ്ങൾക്ക് നിർണായക പങ്കുണ്ട്. മത്സരത്തിലാകെ ഒൻപതു സേവുകളാണ് അലിസൻ നടത്തിയത്. ലിവർപൂൾ ആഖട്ടെ, മത്സരത്തിന്റെ അവരുടെ രണ്ടാമത്തെ മാത്രം ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് ജയിച്ചുകയറി.
ജർമൻ ക്ലബുകളുടെ പോരാട്ടത്തിൽ ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് ബയൺ മ്യൂണിക്കിന് വിജയം സമ്മാനിച്ചത്. 9, 75 മിനിറ്റുകളിലാണ് ഹാരി കെയ്ൻ ലക്ഷ്യം കണ്ടത്. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. ബയണിന്റെ മറ്റൊരു ഗോൾ 54–ാം മിനിറ്റിൽ ജമാൽ മുസ്‌ലിയാല നേടി. നോർദി മുഖിയെലെ 62–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് ലെവർക്യൂസൻ മത്സരം പൂർത്തിയാക്കിയത്.

ഡച്ച് ക്ലബ് ഫെയെനൂർദിനെതിരായ മത്സരത്തിൽ, ഇരു പകുതികളിലുമായി ഓരോ ഗോളടിച്ചാണ് ഇന്റർ മിലാൻ ജയിച്ചുകയറിയത്. 38–ാം മിനിറ്റിൽ മാർക്കസ് തുറാമും 50–ാം മിനിറ്റിൽ അർജന്റീന താരം ലൗത്താരോ മാർട്ടിനസും അവർക്കായി ലക്ഷ്യം കണ്ടു. ചാംപ്യൻസ് ലീഗിൽ ഇന്ററിനായി 18–ാം ഗോൾ നേടിയ മാർട്ടിനസ്, ഇതിഹാസ താരം സാന്ദ്രോ മസോളോയുടെ റെക്കോർഡ് മറികടന്നു.