ഇന്ത്യയുടെ ഗോൾവേട്ടക്കാരൻ തിരിച്ചുവരുന്നു! വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി, ബംഗ്ലദേശിനെതിരെ കളിക്കും

Mail This Article
മുംബൈ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കാനൊരുങ്ങുന്നു. വിരമിക്കൽ പിൻവലിച്ച ഛേത്രി എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെയാണു കളിക്കുക. മാർച്ച് 25നാണു മത്സരം. ഇന്ത്യൻ ഫുട്ബോൾ ടീം സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണു സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ബെംഗളൂരു എഫ്സിക്കായി ഛേത്രി നിലവിലെ സീസണിലും കളിക്കുന്നുണ്ട്. 2024 ജൂണിലാണ് ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്. കുവൈത്തിനെതിരെ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഛേത്രി ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്. ബെംഗളൂരു എഫ്സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
ബംഗ്ലദേശിനെതിരായ മത്സരത്തിനു മുന്‍പ് മാർച്ച് 19 ന് മാലദ്വീപിനെതിരെ ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ഛേത്രി ഇറങ്ങുമോയെന്നു വ്യക്തമല്ല. 19 വർഷത്തെ രാജ്യാന്തര ഫുട്ബോൾ കരിയറിൽ 150 മത്സരങ്ങളിൽനിന്ന് 94 ഗോളുകൾ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്.