ഈ സീസണിൽ ആരാധകർ അർഹിച്ചത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല: തുറന്നുപറഞ്ഞ് ഇടക്കാല പരിശീലകൻ

Mail This Article
കൊച്ചി∙ ഈ സീസണിൽ ആരാധകർ അർഹിച്ചത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമൻ. ഇന്നു രാത്രി 7.30ന് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം ക്വമെ പെപ്രയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഐഎസ്എലിലെ മറ്റെല്ലാ മത്സരങ്ങളും പോലെ തന്നെ മുംബൈക്കെതിരായ മത്സരത്തെയും കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എൽ സീസണിൽ ഇന്ന് അവസാന ഹോം മത്സരത്തിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ജംഷഡ്പുർ എഫ്‍സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതോടെ പ്ലേഓഫ് കാണാതെ പുറത്തായ ടീം, ശേഷിക്കുന്ന മത്സരങ്ങളിൽ വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇറങ്ങുന്നതെന്ന് പരിശീലകൻ പറഞ്ഞു.
‘‘ഞങ്ങളുടെ അവസാന ഹോം മത്സരമാണിത്. അതിനാൽ, സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കേണ്ടതുണ്ട്. എല്ലാ മത്സരങ്ങളെയും ഞങ്ങൾ എങ്ങനെ സമീപിച്ചോ, അതേ രീതിയിൽ ഞങ്ങൾ ഈ മത്സരത്തെയും സമീപിക്കും.’ – പുരുഷോത്തൻ പറഞ്ഞു.
അതേസമയം, പ്ലേ ഓഫ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ സിറ്റി ഇന്ന് ഇറങ്ങുന്നത്. പ്ലേ ഓഫ് പോരാട്ടത്തിൽ ഒപ്പമുള്ള ഒഡിഷ എഫ്‌സിക്ക് സീസണിലെ എല്ലാ മത്സരങ്ങളും പൂർത്തിയാകുമ്പോൾ 33 പോയിന്റാണുള്ളത്. സീസണിൽ രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന മുംബൈയ്ക്കും 33 പോയിന്റുണ്ട്. ഒരു പോയിന്റ്കൂടി നേടിയാൽ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ സമനില നേടിയാലും അവർക്ക് പ്ലേ ഓഫിലേക്കു മുന്നേറാം.
സീസണിലുടനീളം ഒപ്പംനിന്ന ആരാധകർക്ക് നന്ദി പറഞ്ഞ പുരുഷോത്തമൻ, അവർ അർഹിക്കുന്നത് നൽകാൻ സാധിക്കാത്തതിലെ നിരാശയും പങ്കുവച്ചു.‘‘ഈ സീസണിലുടനീളം ആരാധകർ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. ടീം തോറ്റാലും ജയിച്ചാലും അവർ നൽകുന്ന പിന്തുണ പ്രധാനപ്പെട്ടതാണ്. ഇത്തവണ ഞങ്ങൾക്ക് ഒന്നും നേടാൻ സാധിക്കാത്തതിലും ആരാധകർക്ക് അർഹിക്കുന്നത് നൽകാൻ സാധിക്കാത്തതിലും നിരാശയുണ്ട്’ – പുരുഷോത്തമൻ പറഞ്ഞു.