പ്ലേ ഓഫ് ഉറപ്പിക്കാമെന്ന മുംബൈയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു, പെപ്രയുടെ വണ്ടർ ഗോൾ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു

Mail This Article
കൊച്ചി∙ ആളും ആരവവും ഒഴിഞ്ഞ സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയെ ഒറ്റഗോളിൽ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിനു വിജയാശ്വാസം. പ്ലേ ഓഫ് സ്വപ്നം പൊളിഞ്ഞതോടെ നിർണായകമല്ലാതായ മത്സരത്തിൽ ക്വാമി പെപ്രയാണ് (52 മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പി. സീസണിൽ 23 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിനു 28 പോയിന്റായി. ലീഗിലെ സ്ഥാനം ഒൻപതായി. 33 പോയിന്റ് ഉള്ള മുംബൈയ്ക്കു പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. കൊച്ചിയിൽ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഇതോടെ മത്സരങ്ങളും പൂർത്തിയായി. 12 മത്സരം, 5 ജയം,5 പരാജയം, 2 സമനില - ഇങ്ങനെയാണ് ഇക്കുറി ടീമിന്റെ ഹോം റെക്കോർഡ്.
പ്ലേ ഓഫ് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലെത്തിയ മുംബൈയുടെ കണക്ക് തെറ്റിച്ച പോരാട്ടമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഗോളിലേക്ക് ഓടിക്കയറാൻ ഇരുടീമുകളും മടിച്ചു നിൽക്കുന്നതിന്റെ തണുപ്പിലായിരുന്നു ആദ്യപകുതിയിൽ കളി മുന്നോട്ടു പോയത്. സീസണിൽ ആദ്യമായി ഇലവനിൽ ഇടം നേടിയ ഇഷാൻ പണ്ഡിതയും ക്വാമി പെപ്രയും ചേർന്ന 'പുതിയ' ആക്രമണ ജോടിയുമായാണ് ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഇരുപത്തിമൂന്നാം മത്സരത്തിനു കളത്തിലെത്തിയത്. പക്ഷേ, ഇരുവരെയും തേടി ഫൈനൽ തേഡിൽ പന്ത് ചെന്നത് പേരിനു മാത്രം. പത്താം മിനിറ്റിൽ മുംബൈ വിങ്ങർ ചാങ്തേയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിയതും ബ്ലാസ്റ്റേഴ്‌സ് താരം മിലോസ് ഡ്രിൻസിച്ചിന്റെ ഹെഡ്ഡർ ശ്രമം പാളിപ്പോയതുമായിരുന്നു ഫസ്റ്റ് ഹാഫിലെ ഫയർ മൊമന്റ്സ്.
രണ്ടാം പകുതിയിൽ ഇഷാനെ പിൻവലിച്ചു ഡാനിഷ് ഫാറൂഖ് വന്നതോടെ അഡ്രിയൻ ലൂണ മുന്നോട്ടു കയറി കളിച്ചു. ആ നീക്കമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സിനെ മാറ്റിമറിച്ചതും. നായകൻ വന്നതോടെ ഫൈനൽ തേഡിൽ ഭീഷണിയും ഉയർന്നു തുടങ്ങി. അതിലൊന്നു ഗോളും തുറന്നു. മുംബൈ ബോക്സിൽ ബ്ലാസ്റ്റേഴ്‌സ് യുവതാരം കോറു സിങ്ങിന്റെ നെഞ്ചിൽ തട്ടി തിരിച്ചുവന്ന പന്താണ് പെപ്ര കോരിയെടുത്തു വലയിൽ കയറ്റിയത്. ഘാന താരത്തിന്റെ പ്രതിഭയും കരുത്തും ചേർന്ന മിന്നൽ നീക്കത്തിൽ സിറിയൻ ഡിഫൻഡർ തായിർ ക്രൗമയ്ക്കു കാലിടറി. ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്നു പെപ്രയുടെ വെടിയുണ്ട ഷോട്ട് ഗോളിലേക്ക് പാഞ്ഞു.
മുംബൈയ്ക്കെതിരെ അവരുടെ മൈതാനത്തു ഗോളടിച്ച പെപ്രയ്ക്കു കൊച്ചിയിലും അതിന്റെ ആവർത്തനം. ഗോൾ വന്നതോടെ നിരന്തരം മുന്നേറ്റങ്ങൾക്കു വഴിവെട്ടിയ ബ്ലാസ്റ്റേഴ്‌സിനെയാണ് പിന്നെ കണ്ടത്. പരുക്ക് മാറി പകരക്കാരനായി തിരിച്ചെത്തിയ നോവ സദൂയിയും വിങ്ങിൽ നിന്നു ബോക്സിലേക്ക് പറന്നു കളിച്ച മുഹമ്മദ് ഐമനുമാണ് മുംബൈയെ വിറപ്പിച്ചത്. തിരിച്ചടിക്കും ഊഴം വന്നെങ്കിലും സന്ദർശകർക്കു നിരാശയായി ഫലം. ലോങ് വിസിലിനു തൊട്ടു മുൻപായി മുംബൈയുടെ വിക്രം പ്രതാപ് സിങ്ങിന്റെ ഷോട്ട് ഗോളി നോറ ഫെർണാണ്ടസിനെ കീഴടക്കി പാഞ്ഞെങ്കിലും ഗോൾ ലൈനിൽ ബികാശ് യുംനത്തിന്റെ തീപാറും സേവിൽ ബ്ലാസ്റ്റേഴ്‌സ് വിജയം മുറുകെപ്പിടിച്ചു.