ഹൈദരാബാദ് ടീം 23 കളികളിൽനിന്ന് അടിച്ചത് 21 ഗോളുകൾ; നോർത്ത് ഈസ്റ്റിന്റെ മൊറോക്കൻ താരം അലാദ്ദീൻ അജാരെ 24 കളികളിൽ 23 ഗോളുകൾ!

Mail This Article
ഐഎസ്എൽ 11–ാം പതിപ്പിലെ ലീഗ് മത്സരങ്ങൾ ഫിനിഷിങ് ലൈനിലേക്ക് അടുക്കുമ്പോൾ സീസണിലെ ഹൈലൈറ്റ് തേടിച്ചെന്നാലെത്തുക രണ്ട് ഉത്തരങ്ങളിലാകും – മോഹൻ ബഗാനും അലാദ്ദീൻ അജാരെയും! സൂപ്പർ ലീഗിന്റെ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയിൽ അർധശതകം കടന്നു കുതിച്ച ടീം എന്നതാണു ബഗാന്റെ തിളക്കമെങ്കിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കുന്തമുനയും പടവാളുമായ അലാദ്ദീനും ഒരു ‘ഒന്നൊന്നര ടീം’ തന്നെയാണ്.
ഐഎസ്എൽ ചരിത്രത്തിലെ ഗോൾക്കണക്കുകളിൽ മുപ്പത്തിരണ്ടുകാരൻ അജാരെ ഇനി അജയ്യനാണ്. ഇന്ത്യൻ മണ്ണിൽ ആദ്യ സീസൺ കളിക്കുന്ന മൊറോക്കൻ താരം 24 മത്സരങ്ങളിൽ നിന്നായി നേടിയത് 23 ഗോളുകൾ. മുൻപു ഫെറാൻ കൊറോമിനാസും ബാർത്തലോമിയോ ഓഗ്ബെച്ചെയും കുറിച്ച 18 ഗോളുകളെന്ന ലീഗ് റെക്കോർഡാണു അജാരെ തകർത്തത്. സീസണിലെ പോയിന്റ് പട്ടികയിൽ 12–ാം സ്ഥാനത്തുള്ള ഹൈദരാബാദ് ടീം 23 മത്സരങ്ങളിൽ നിന്നു നേടിയതു 21 ഗോളുകളാണെന്നുകൂടി ചേർത്തുവായിക്കുമ്പോഴേ അജാരെയുടെ ‘വലുപ്പം’ വ്യക്തമാകൂ.
ഐഎസ്എലിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങളിൽ ഗോളടിച്ച, ഏറ്റവുമധികം ഇരട്ട ഗോളുകൾ പ്രഹരിച്ച താരമെന്ന ഖ്യാതികളും ഇതിനകം സ്വന്തമാക്കിയ അജാരി ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെയും കുറിച്ചു തിരുത്താൻ ബുദ്ധിമുട്ടേറിയൊരു നേട്ടം. ലീഗിലെ 12 ടീമുകൾക്കെതിരെയും താരം ഗോൾ സ്കോർ ചെയ്തു കഴിഞ്ഞു.
സീസണിൽ എല്ലാ എതിരാളികൾക്കെതിരെയും ഗോൾ കണ്ടെത്തിയവരിൽ കൊറോമിനാസും മിക്കുവും കാലു ഉച്ചെയും കൂടിയുണ്ടെങ്കിലും അന്ന് ഐഎസ്എലിൽ ടീമുകൾ ഇത്രയില്ലായിരുന്നുവെന്നതു അജാരെയെ കൂട്ടത്തിൽ ഒറ്റയാനാക്കുന്നു. ഗോളടിക്കാൻ മാത്രമല്ല, ഗോളൊരുക്കാനും മിടുക്കുള്ള അജാരെയുടെ സമ്പാദ്യത്തിൽ 7 അസിസ്റ്റ് കൂടിയുണ്ട്.
മൊറോക്കൻ ക്ലബ്ബായ എഫ്എആർ റാബത്തിൽ നിന്ന് ഒരു വർഷ കരാറിലാണു അജാരെ ഇന്ത്യയിലെത്തിയത്. ടീമിലെ മൊറോക്കൻ താരങ്ങളുടെ ഇടപെടലും കോച്ച് യുവാൻ പെഡ്രോയുമായുള്ള വ്യക്തിബന്ധവുമാണ് താരത്തെ ഇന്ത്യൻ വീസയെടുക്കാൻ പ്രേരിപ്പിച്ചത്. സീസണിൽ 12–14 ഗോളും അസിസ്റ്റും കുറിച്ചാൽ ഒരു വർഷം കൂടി തുടരാമെന്ന വ്യവസ്ഥയാണു താരത്തിനു മുന്നിൽ നോർത്ത് ഈസ്റ്റ് വച്ചത്.
ഐഎസ്എൽ ഗോൾ വേട്ടയുടെ സമസ്ത സമവാക്യങ്ങളും വെട്ടിത്തിരുത്തിയ അജാരെയുടെ പടയോട്ടം കണ്ടു ഒടുവിൽ ടീം അധികൃതർതന്നെ ഇങ്ങനെ പറഞ്ഞു: ‘നന്നായി കളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല!’