ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സിറ്റിക്ക് ഫോറസ്റ്റിൽ വഴി തെറ്റി; മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് വീഴ്ത്തി നോട്ടിങ്ങാം ഫോറസ്റ്റ്

Mail This Article
നോട്ടിങ്ങാം ∙ എല്ലാം ശരിയായി എന്നു കരുതിയപ്പോഴേക്കും മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും വഴിതെറ്റി; ഇത്തവണ ഫോറസ്റ്റിൽ തന്നെ! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ങാം ഫോറസ്റ്റിനോട് 1–0ന് പരാജയപ്പെട്ട മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഫോറസ്റ്റിനെ മറികടന്ന് 3–ാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി. 28 കളികളിൽ 51 പോയിന്റോടെ ഫോറസ്റ്റ് മൂന്നാമതും 47 പോയിന്റോടെ സിറ്റി നാലാമതും തുടരുന്നു.
ഹോംഗ്രൗണ്ടിൽ കല്ലം ഹഡ്സൻ ഒഡോയ് ആണ് ഫോറസ്റ്റിന്റെ വിജയഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് എന്നു കരുതിയിരിക്കവെയാണ് 83–ാം മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റിന്റെ പാസ് സ്വീകരിച്ച് മികച്ചൊരു ഷോട്ടിലൂടെ ഒഡോയ് ലക്ഷ്യം കണ്ടത്.
2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി മിന്നിക്കളിച്ചവരാണ് ഗിബ്സ് വൈറ്റും ഒഡോയിയും. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡോയിയുടെ ഒരു ഷോട്ട് സിറ്റി ഗോൾകീപ്പർ ഡൈവ് ചെയ്തു രക്ഷപ്പെടുത്തിയിരുന്നു.