ഗോകുലം ടീമുകൾക്ക് ജയം; പുരുഷൻമാർ രാജസ്ഥാൻ എഫ്സിയെ 3–0ന് തകർത്തു, വനിതാ ടീം 2–0ന് നിത എഫ്സിയെ വീഴ്ത്തി

Mail This Article
ജയ്‌പുർ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള വീണ്ടും വിജയവഴിയിൽ. ഇന്നലെ നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ എഫ്സിയെയാണ് ഗോകുലം വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. സ്ട്രൈക്കർ താബിസോ ബ്രൗണിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഗോകുലം രാജസ്ഥാനെ വീഴ്ത്തിയത്. 45, 80 മിനിറ്റുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകൾ. വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരത്തിൽനിന്ന് 24 പോയിന്റുള്ള രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. ഇനി ഈ മാസം 17ന് നാംധാരിയിൽ വച്ച് നാംധാരി എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
തുടക്കത്തിൽത്തന്നെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞു കളിച്ച ഗോകുലം രാജസ്ഥാനെ സമ്മർദ്ദത്തിലാക്കിയെങ്കിലും, ലക്ഷ്യം പിഴച്ചതാണ് ആദ്യ മിനിറ്റുകളിൽ തിരിച്ചടിയായത്. ലഭിച്ച അവസരത്തിലെല്ലാം പ്രത്യാക്രമണവുമായി രാജസ്ഥാനും ഗോകുലത്തിന്റെ ഗോൾമുഖത്തേക്ക് ഇരച്ചെത്തി. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഗോൾ നേടി ഗോകുലം ലീഡെടുത്തു. താബിസോ ബ്രൗണിന്റെ വകയായിരുന്നു ആദ്യ ഗോൾ.
ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച നീക്കങ്ങൾ നടത്തി. ഒടുവിൽ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 57–ാം മിനിറ്റിൽ അതുൽ ഉണ്ണികൃഷ്ണനിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ രാജസ്ഥാനുമേൽ സമ്പൂർണ ആധിപത്യം നേടിയ ഗോകുലം തുടർന്നും പലകുറി ഗോളിന് തൊട്ടടുത്തെത്തി. 80–ാം മിനിറ്റിൽ ഗോകുലം താരം തൊടുത്ത ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചെങ്കിലും റീബൗണ്ടിൽനിന്ന് ബ്രൗൺ ലക്ഷ്യം കണ്ടു.
∙ കുതിപ്പ് തുടർന്ന് ഗോകുലം വനിതാ ടീം
ഭുവനേശ്വർ∙ ഇന്ത്യൻ വനിതാ ലീഗിലും ജയം തുടർന്ന് ഗോകുലം കേരള. ഇന്നലെ നടന്ന എവേ മത്സരത്തിൽ നിത ഫുട്‌ബോൾ ക്ലബിനെയാണ് ഗോകുലം തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ലീഗിൽ ഗോകുത്തിന്റെ തുടർച്ചയായ നാലാം ജയമാണ് ഇത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ ഗോൾ നേടാൻ ഗോകുലത്തിനായി. ശുഭാങ്കിയാണ് ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത്.
ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസത്തോടെ കളിച്ച ഗോകുലം പിന്നീട് തുടർച്ചയായി എതിർ ഗോൾമുഖം വിറപ്പിച്ചു. പലപ്പോഴും നിർഭാഗ്യം കൊണ്ടാണ് ഗോൾ നേടാനുള്ള അവസരം നഷ്ടമായത്. മത്സരത്തിന്റെ ഇഞ്ചറി ടൈമിലായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ. മധ്യനിര താരം ശിൽക്കി ദേവിയാണ് രണ്ടാം ഗോൾ നേടിയത്.
ഏഴ് മത്സരത്തിൽനിന്ന് 17 പോയിന്റുള്ള ഗോകുലം നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. ഈസ്റ്റ് ബംഗാളാണ് ഒന്നാമത്. ഏഴു മത്സരം കളിച്ച ഗോകുലം 5 മത്സരം ജയിക്കുകയും രണ്ട് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഈ മാസം 15ന് ഒഡിഷയിൽ വച്ച് ഒഡിഷ എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.