ആർസനലിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; സതാംപ്ടനെ 3–1ന് തകർത്ത് ലിവർപൂൾ 15 പോയിന്റ് മുന്നിൽ!

Mail This Article
ലണ്ടൻ ∙ എതിരാളികളെ ഒന്നു കൊതിപ്പിക്കുക, പിന്നെ തോൽപിക്കുക; അതാണ് ഈ സീസണിൽ ലിവർപൂളിന്റെ ഹോബി! സതാംപ്ടനെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ച ലിവർപൂളിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 3–1 ജയം. രണ്ടാം പകുതിയിൽ ഡാർവിൻ ന്യുനസിന്റെ ഗോളും മുഹമ്മദ് സലായുടെ 2 പെനൽറ്റി ഗോളുകളുമാണ് ലിവർപൂളിനു വിജയം സമ്മാനിച്ചത്. ഹാഫ്ടൈമിനു തൊട്ടുമുൻപ് വിൽ സ്മാൾബോൺ നേടിയ ഗോളിൽ സതാംപ്ടൻ മുന്നിലായിരുന്നു.
അതേസമയം, കിരീടപ്പോരാട്ടത്തിൽ രണ്ടാമതുള്ള ആർസനലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളച്ചത് ലിവർപൂളിന് അനുഗ്രഹമായി. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിൽ ലീഡെടുത്ത യുണൈറ്റഡിനെ, 74–ാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളിലാണ് ആർസനൽ തളച്ചത്.
ജയത്തോടെ ലിവർപൂളിന് 29 കളികളിൽ 70 പോയിന്റായി. രണ്ടാമതുള്ള ആർസനലിന് 28 കളികളിൽ 55. ഒരു മത്സരം കൂടുതൽ കളിച്ച ലിവർപൂളിന്റെ ലീഡ് 15 പോയിന്റ്. മാർക് കുകുറെല്ല 60–ാം മിനിറ്റിൽ നേടിയ ഏക ഗോളിൽ ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി 28 കളികളിൽനിന്ന് 49 പോയിന്റുമായി വീണ്ടും നാലാം സ്ഥാനത്തേക്ക് കയറി. 47 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് അഞ്ചാമത്. ആർസലിനെ സമനിലയിൽ തളച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 28 കളികളിൽനിന്ന് 34 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ ആദ്യ പകുതിയിൽ ലക്ഷ്യബോധമില്ലാതെ കളിച്ച ലിവർപൂളിനെ ഞെട്ടിച്ചാണ് സതാംപ്ടൻ ലീഡെടുത്തത്. ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കറും സെന്റർ ബായ്ക്ക് വിർജിൽ വാൻ ദെയ്കും തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സ്മാൾബോൺ പന്ത് വലയിലെത്തിച്ചു. ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ലിവർപൂൾ ഉണർന്നു കളിച്ചു. 51–ാം മിനിറ്റിൽ ലൂയിസ് ഡയസ് ഒരുക്കി നൽകിയ പാസിൽ നിന്ന് ന്യുനസ് ലിവർപൂളിനെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനുള്ളിൽ യുറഗ്വായ് താരം ഒരു പെനൽറ്റി നേടിയെടുക്കുകയും ചെയ്തു.
ന്യുനസിനെ ബോക്സിൽ സ്മാൾബോൺ ഫൗൾ ചെയ്തതിനു കിട്ടിയ പെനൽറ്റി കിക്ക് സലാ ലക്ഷ്യത്തിലെത്തിച്ചു. 77–ാം മിനിറ്റിൽ സതാംപ്ടന്റെ ജാപ്പനീസ് താരം യുകിനാരി സുഗവാരയുടെ ഹാൻഡ് ബോളിനു കിട്ടിയ പെനൽറ്റിയും സലാ ഗോളിലെത്തിച്ചു. ലീഗ് ടോപ്സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു തുടരുന്ന സലായ്ക്ക് 27 ഗോളുകളായി.