റയലിനു വിജയം; പോരാട്ടം ഉഷാർ; വയ്യകാനോയെ 2–1നു തോൽപിച്ചു; പോയിന്റ് നിലയിൽ ബാർസയ്ക്ക് ഒപ്പം

Mail This Article
മഡ്രിഡ് ∙ അയൽക്കാരായ റയോ വയ്യകാനോയെ 2–1നു തോൽപിച്ച റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ ബാർസിലോനയ്ക്ക് ഒപ്പമെത്തി. കിലിയൻ എംബപെ, വിനീസ്യൂസ് ജൂനിയർ എന്നിവരുടെ ഗോളുകളിലായിരുന്നു റയലിന്റെ വിജയം. ഇതോടെ, 27 കളിയിൽ 57 പോയിന്റുമായി പട്ടികയിൽ റയൽ ബാർസയ്ക്കൊപ്പമായി. റയലിനെക്കാൾ ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളൂ എന്നതാണ് ബാർസയ്ക്കുള്ള മുൻതൂക്കം. ഗെറ്റാഫെയോടു 2–1 തോൽവി വഴങ്ങിയ അത്‌ലറ്റിക്കോ മഡ്രിഡാണ് 27 കളിയിൽ 56 പോയിന്റുമായി 3–ാം സ്ഥാനത്ത്.
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ, സമീപകാലത്തു കാണാത്ത തരം ആവേശകരമായ കിരീടപ്പോരാട്ടത്തിലേക്കാണ് മത്സരങ്ങൾ നീങ്ങുന്നത്. ആദ്യ 3 സ്ഥാനക്കാർ തമ്മിൽ പോയിന്റ് നിലയിലുള്ള അടുപ്പം ഇനിയുള്ള ഓരോ മത്സരത്തെയും തീപിടിപ്പിക്കും.
ഞായറാഴ്ചത്തെ ബാർസിലോന – അത്‌ലറ്റിക്കോ മത്സരങ്ങൾ ഇരുടീമിനും നിർണായകമാണ്. ശനിയാഴ്ച ഒസാസൂനയ്ക്കെതിരായ ബാർസയുടെ മത്സരം ടീം ഡോക്ടറുടെ മരണത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.