ഐഎസ്എൽ: ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ പ്ലേഓഫിൽ; ഒഡീഷ പുറത്ത്

Mail This Article
ബെംഗളൂരു∙ ജീവൻമരണ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ 2–0ന് മറികടന്ന് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പ്ലേഓഫിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാലിയൻസുവാല ഛാങ്തെ (8–ാം മിനിറ്റ്), നിക്കോളാസ് കരേലിസ് (37) എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്.
മത്സരത്തിനു മുൻപ് ഒഡീഷ എഫ്സിക്കു പിന്നിൽ 33 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു മുംബൈ. ഒഡീഷയ്ക്കും 33 പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവരായിരുന്നു മുന്നിൽ. ഇതോടെ പ്ലേഓഫ് ഉറപ്പിക്കാൻ മുംബൈയ്ക്ക് അവസാന മത്സരം ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്യേണ്ട സ്ഥിതിയായി.
എന്നാൽ ബെംഗളൂരുവിനെ 2–0ന് തോൽപിച്ചതോടെ ഒഡീഷയുടെ പ്രതീക്ഷകൾക്കു മുകളിലൂടെ മുംബൈ പ്ലേഓഫിലേക്ക് ചവിട്ടിക്കയറി. മോഹൻ ബഗാൻ, എഫ്സി ഗോവ, നോർത്ത് ഈസ്റ്റ്, ബെംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി എന്നിവരാണ് പ്ലേഓഫിൽ കടന്ന മറ്റു ടീമുകൾ.