സൂപ്പർ കപ്പിൽ പ്രതീക്ഷ നിറച്ച് കേരള ബ്ലാസ്റ്റേഴ്സ്, ടൂർണമെന്റിൽ ഒന്നാംനിര ടീമിനെയിറക്കും

Mail This Article
കൊച്ചി ∙ ഐഎസ്എൽ മോഹങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ്, സീസണിൽ അവശേഷിക്കുന്ന ഏക ചാംപ്യൻഷിപ്പായ സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനെ തന്നെ കളത്തിലിറക്കിയേക്കും. പ്ലേ ഓഫിൽ എത്താൻ കഴിയാതെ വന്നതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ്, കപ്പ് സാധ്യതകളിൽ നിന്നു പുറത്തായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇനി പ്രതീക്ഷ സൂപ്പർ കപ്പിൽ മാത്രം. തിരിച്ചടികൾ മറന്നു മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ മറ്റൊരു വഴിയില്ല.
പലപ്പോഴും സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനു പകരം യുവതാരങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള ടീമിനെയാണു ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നത്. ഇക്കുറി, അതിനു മാറ്റം വരും. സൂപ്പർ കപ്പ് ജയിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇടക്കാല മുഖ്യ പരിശീലകൻ ടി.ജി.പുരുഷോത്തമന്റെ വാഗ്ദാനം. ‘‘ഐഎസ്എലിലെ അവസാന 2 മത്സരങ്ങളും സൂപ്പർ കപ്പിന്റെ ഒരുക്കമായി കരുതുന്നു’’ – പുരുഷോത്തമൻ പറയുന്നു. ടീം ഇക്കുറി ഗൗരവത്തോടെയാണു സൂപ്പർ കപ്പിനെ പരിഗണിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിയുന്ന സൂചന. ഒഡീഷയിലെ ഭുവനേശ്വറിൽ ഏപ്രിൽ 21 നാണു സൂപ്പർ കപ്പ് കിക്കോഫ്. 1
13 ഐഎസ്എൽ ക്ലബ്ബുകൾക്കു പുറമേ ഐ ലീഗിലെ ആദ്യ 3 ടീമുകളും ഉൾപ്പെടെ 16 ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് നോക്കൗട്ട് രീതിയിലാണ്. സൂപ്പർ കപ്പ് ജേതാക്കൾക്ക് 2025 – 26 എഎഫ്സി ചാംപ്യൻസ് ലീഗ് 2 വിലെ (എസിഎൽ 2) പ്ലേ ഓഫ് കളിക്കാൻ അവസരം കിട്ടും; ഏഷ്യൻ ക്ലബ്ബുകളുമായി മാറ്റുരയ്ക്കാനുള്ള അവസരം. ഇതുവരെ നടന്ന 4 സൂപ്പർ കപ്പുകളിൽ എഫ്സി ഗോവ, ബെംഗളൂരു, ഒഡീഷ, ഈസ്റ്റ് ബംഗാൾ ടീമുകളായിരുന്നു ജേതാക്കൾ.