അവസാന മത്സരത്തിൽ ലെഗതോറിന്റെ ആദ്യ ഗോൾ, മലയാളി താരത്തിന്റെ ‘അദ്ഭുത ഗോളിൽ’ എല്ലാം അവസാനിച്ചു; വിജയമില്ലാതെ മടക്കം– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്സി. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ മോണ്ടെനിഗ്രോ താരം ദുസാൻ ലഗതോറാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഏഴു മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരത്തിന്റെ ആദ്യ ഗോളാണിത്.
45–ാം മിനിറ്റിൽ അതിഗംഭീരമായൊരു സീസർ കട്ടിലൂടെ മലയാളി താരം കെ.സൗരവ് ഹൈദരാബാദിനായി സമനില ഗോൾ മടക്കി. കണ്ണൂർ സ്വദേശിയാണ് സൗരവ്. രണ്ടാം പകുതിയിൽ ലീഡെടുക്കാൻ ഇരു ടീമുകളും ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 24 മത്സരങ്ങളിൽനിന്ന് എട്ടു വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിക്കുന്നത്. 29 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 11 കളികൾ തോറ്റപ്പോൾ അഞ്ചു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
പോയിന്റ് പട്ടികയിലെ 12–ാം സ്ഥാനക്കാരായ ഹൈദരാബാദിന്റെ ആറാം സമനിലയാണിത്. ഹൈദരാബാദ് നാലു മത്സരങ്ങൾ ജയിച്ചപ്പോൾ 14 എണ്ണം തോറ്റു. ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സ്, ഇനി വരാനിരിക്കുന്ന സൂപ്പർ കപ്പിൽ പ്രധാന ടീമിനെ തന്നെ ഇറക്കും. വിദേശ താരങ്ങളടക്കം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടും.