ഷൂട്ടൗട്ടിൽ ലിവർപൂളിനെ ഞെട്ടിച്ച് പിഎസ്ജി, ബാർസിലോന ക്വാർട്ടറിൽ, ബയണിന് വമ്പൻ വിജയം

Mail This Article
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽനിന്ന് ലിവർപൂള്‍ പുറത്ത്. പിഎസ്ജിക്കെതിരായ രണ്ടാം പാദ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോൽവി വഴങ്ങിയത്. ആദ്യ പാദത്തിൽ 1–0ന്റെ തോൽവി വഴങ്ങിയ ഫ്രഞ്ച് ക്ലബ്ബ്, ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിൽ നിശ്ചിത സമയത്ത് ഒരു ഗോളിനു മുന്നിലെത്തുകയായിരുന്നു. 12–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുടെ വകയായിരുന്നു പിഎസ്ജിക്കു ജീവൻ നൽകിയ ഗോൾ. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു.
ഷൂട്ടൗട്ടിൽ 1–4നായിരുന്നു പിഎസ്ജിയുടെ വിജയം. ലിവർപൂൾ താരങ്ങളായ ഡാർവിൻ നുനെസ്, കർട്ടിസ് ജോൺസ് എന്നിവരുടെ ഗോൾ ശ്രമങ്ങൾ പിഎസ്ജി ഗോളി ഡൊണ്ണരുമ പരാജയപ്പെടുത്തി. ഈജീപ്ഷ്യൻ താരം മുഹമ്മദ് സലാ മാത്രമാണു ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. ക്വാർട്ടറിൽ ആസ്റ്റൻ വില്ല, ബ്രൂഷെ മത്സത്തിലെ വിജയിയായിരിക്കും പിഎസ്ജിയുടെ എതിരാളികൾ.
സ്പാനിഷ് ക്ലബ് ബാർസിലോനയും ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. പ്രീക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ പോർച്ചുഗൽ ക്ലബ്ബ് ബെൻഫിക്കയ്ക്കെതിരെ 3–1നാണ് ബാഴ്സയുടെ വിജയം. ഇതോടെ ബാഴ്സ 4–1ന് മുന്നിലെത്തി. ആദ്യ പാദ മത്സരത്തില്‍ 1–0ന് ബാർസിലോന വിജയിച്ചിരുന്നു. രണ്ടാം പാദ പോരാട്ടത്തിൽ ബ്രസീൽ താരം റാഫിഞ്ഞ രണ്ടു ഗോളുകൾ നേടി. 11, 42 മിനിറ്റുകളിലായിരുന്നു റാഫിഞ്ഞയുടെ ഗോളുകൾ.
സ്പാനിഷ് താരം ലമിൻ യമാലും 27–ാം മിനിറ്റിൽ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. 13–ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡിയുടെ വകയായിരുന്നു ബെൻഫിക്കയുടെ ആശ്വാസ ഗോൾ. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടോ, ലിലയോ ആയിരിക്കും ബാർസിലോന നേരിടുക. മറ്റൊരു മത്സരത്തിൽ ഫെയനൂർദിനെ ഇന്റർമിലാൻ 2–1ന് തോൽപിച്ചു. ഹാരി കെയ്നിന്റെയും (52–ാം മിനിറ്റ്), അൽഫോൻസോ ഡേവിസിന്റെയും (71) ഗോളുകളിൽ ബയൺ മ്യൂണിക്കും മുന്നിലെത്തി. ബയർ ലെവർക്യുസനെതിരെ രണ്ടുപാദങ്ങളിലുമായി 5–0നാണ് ബയൺ വിജയിച്ചത്.