സബാഷ് സൗരവ് ! മലയാളി താരത്തിന്റെ ബൈസിക്കിൾ കിക്ക് ഗോളിൽ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Mail This Article
ഹൈദരാബാദ് ∙ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ലെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു വലിയ നിരാശ വേണ്ട. ഹൈദരാബാദിന്റെ മലയാളി താരം സൗരവിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് കാണാനായല്ലോ..! മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിന്റെ കന്നിഗോളിൽ ലീഡ് നേടിയ കേരളത്തെ കണ്ണൂരുക്കാരൻ സൗരവിന്റെ സൂപ്പർ ഗോളിന്റെ തിളക്കത്തിലാണ് ഹൈദരാബാദ് പൂട്ടിക്കളഞ്ഞത് (1–1). ഐഎസ്എൽ 11–ാം സീസണിൽ 29 പോയിന്റോടെ എട്ടാം സ്ഥാനത്തായി ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഫിനിഷിങ്. 8 വിജയവും 5 സമനിലയും കണ്ട ബ്ലാസ്റ്റേഴ്‌സ് 11 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. പ്ലേഓഫിലെ അവസാനക്കാരായ മുംബൈ സിറ്റിയെക്കാൾ 7 പോയിന്റ് അകലെയാണ് മലയാളി പരിശീലകൻ ടി. ജി. പുരുഷോത്തമനു കീഴിൽ 11 മത്സരം കളിച്ച കേരള ടീമിന്റെ സ്‌ഥാനം.
ഗച്ചിബൗളി സ്റ്റേഡിയത്തിൽ 7–ാം മിനിറ്റിൽ ലഭിച്ച സെറ്റ്പീസ് അവസരമാണു ബ്ലാസ്റ്റേഴ്‌സിനു ലീഡ് ഒരുക്കിയത്. വലതു പാർശ്വത്തിൽ നിന്നുള്ള കോർണറിന്റെ തുടർച്ചയായി മുഹമ്മദ് അയ്മൻ നൽകിയ പാസ് ദുഷാൻ ലഗാതോർ തലകൊണ്ടു വലയിലേക്ക് തിരിച്ചുവിട്ടു (1-0). ആ കടം സീസണിലെ ഏറ്റവും ഉജ്വലം എന്നുതന്നെ വിശേഷിപ്പിക്കാവുന്നൊരു ഗോളിൽ വീട്ടിക്കൊണ്ടാണ് ഹൈദരാബാദ് ആദ്യപകുതി അവസാനിപ്പിച്ചത്. വലതുവിങ്ങിൽ നിന്നു ബ്ലാസ്റ്റേഴ്‌സ് ബോക്സിലേക്ക് പറന്നിറങ്ങിയ ക്രോസ് ക്ലിയർ ചെയ്യാൻ ഐബൻ ദോലിങ് പരാജയപ്പെട്ടതിൽ നിന്നായിരുന്നു ഗോൾ പിറവി. ഐബന്റെ കാലിൽ തട്ടിയുയർന്ന പന്ത് വിങ്ങർ കെ. സൗരവ് കിടിലനൊരു സൈഡ് വോളിയിലൂടെ വലയിലേക്ക് മറിച്ചിട്ടു. (1-1). ഗോകുലം കേരളയിൽ നിന്നു ഹൈദരാബാദിലേക്ക് ചേക്കേറിയ യുവതാരത്തിന്റെ ആദ്യ ഐഎസ്എൽ ഗോൾ തന്നെ അവിസ്മരണീയം.
52–ാം മിനിറ്റിൽ ഹൈദരാബാദിന് അനുകൂലമായി റഫറി വിധിച്ച വിവാദ പെനൽറ്റി തടഞ്ഞതുൾപ്പെടെ മിന്നുന്ന സേവുകളാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നോറ ഫെർണാണ്ടസ് മത്സരത്തിൽ നടത്തിയത്.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു; ഇനി പ്ലേഓഫ് മത്സരങ്ങൾ
ഐഎസ്എലിലെ ഗ്രൂപ്പ് ഘട്ടം ഇന്നലെ പൂർത്തിയായതോടെ ഇനി പ്ലേഓഫ് മത്സരങ്ങൾക്കായുള്ള കാത്തിരിപ്പ്. പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ട് സെമിഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. 3 മുതൽ 6 സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് സെമിഫൈനൽ ബെർത്തിനായുള്ള ഏക പാദ പ്ലേഓഫിൽ മത്സരിക്കുക. നോർത്ത് ഈസ്റ്റ്–ജംഷഡ്പുർ, മുംബൈ സിറ്റി–ബെംഗളൂരു എഫ്സി എന്നിങ്ങനെയാണ് മത്സരക്രമം. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം മാർച്ച് 29നും 30നുമായിരിക്കും പ്ലേഓഫ് മത്സരങ്ങൾ.