പിയെസ്ജി! വീട്ടിൽ വീണ് ലിവര്പൂൾ, ചാംപ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്

Mail This Article
ലണ്ടൻ ∙ ചാംപ്യൻസ് ലീഗും ഇംഗ്ലിഷ് പ്രിമിയർ ലീഗും ലീഗ് കപ്പുമായി സീസണിൽ മൂന്നു കിരീടങ്ങൾ സ്വപ്നം കണ്ടുനടക്കുകയായിരുന്നു ലിവർപൂൾ ആരാധകർ. അതിലൊന്ന്, യുവേഫ ചാംപ്യൻസ് ലീഗ് ഫ്രഞ്ച് ക്ലബ് പിഎസ്ജി നിഷ്കരുണം വെട്ടി. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രഞ്ച് ക്ലബ്, ഇംഗ്ലിഷ് ക്ലബ്ബിനെ അവരുടെ ഹോംഗ്രൗണ്ടിൽ വീഴ്ത്തിയത് (4–1). പിഎസ്ജിയുടെ മൈതാനത്ത് ആദ്യപാദം 1–0നു ജയിച്ചതിന്റെ ആവേശത്തിൽ ആൻഫീൽഡിൽ ഇറങ്ങിയ ലിവർപൂളിനെ നിശ്ചിത സമയത്ത് പിഎസ്ജി 1–0നു തോൽപിച്ചു.

ഇരുപാദ സ്കോർ 1–1 ആയതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. രണ്ടാം പാദ മത്സരങ്ങളിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ 3–1നു തോൽപിച്ച് ബാർസിലോനയും (ഇരുപാദങ്ങളിലുമായി 4–1), ഫെയനൂർദിനെ 2–1നു മറികടന്ന് ഇന്റർ മിലാനും (ഇരുപാദ സ്കോർ 4–1), ബയെർ ലെവർക്യുസനെ 2–0നു തോൽപിച്ച് ബയൺ മ്യൂണിക്കും (ഇരുപാദങ്ങളിലുമായി 5–0) അവസാന എട്ടിലെത്തി.
വീട്ടിൽ വീണ് ലിവർപൂൾ
പെനൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂൾ താരങ്ങളായ ഡാർവിൻ ന്യുനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ കിക്കുകൾ സേവ് ചെയ്ത ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മയാണ് ലിവർപൂളിന്റെ മോഹപ്പെട്ടി താഴിട്ടു പൂട്ടിയത്. എന്നാൽ അതിനു മുൻപേ ആൻഫീൽഡിലെ ഇരമ്പിയാർക്കുന്ന ഗാലറിയെയും ലിവർപൂൾ താരങ്ങളുടെ ഗോൾശ്രമങ്ങളെയും ചെറുത്ത
പിഎസ്ജി ടീം ഒന്നാകെ തന്നെയാണ് ഈ വിജയത്തിന്റെ അവകാശികൾ. ലിവർപൂളിന്റെ മുന്നേറ്റങ്ങൾക്ക് അതിലും മൂർച്ചയുള്ള ആക്രമണങ്ങൾ കൊണ്ടായിരുന്നു പിഎസ്ജിയുടെ മറുപടി. ആദ്യ പാദത്തിലെ ഒരു ഗോൾ കടം വീട്ടണം എന്ന നിശ്ചയദാർഢ്യത്തോടെ ഇറങ്ങിയ പിഎസ്ജിക്ക് 12–ാം മിനിറ്റിൽ അതിനുള്ള പ്രതിഫലം കിട്ടി. ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കറും ഇബ്രാഹിമ കൊനാട്ടെയും തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്താണ് ഒസ്മാനെ ഡെംബലെ പന്ത് വലയിലെത്തിച്ചത്. വിജയഗോളിനായി പിന്നീട് ഇരുടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾകീപ്പർമാർ മികച്ചു നിന്നതോടെ ഗോൾ വന്നില്ല. ലക്ഷ്യബോധമുള്ള ഷോട്ടുകളിൽ പിഎസ്ജി മികച്ചു നിന്നപ്പോൾ (8) കോർണറുകൾ കൂടുതൽ നേടിയെടുത്തത് ലിവർപൂളാണ് (12). ഇതാദ്യമായാണ് എവേ മൈതാനത്ത് ആദ്യപാദം ജയിച്ചിട്ടും സ്വന്തം മൈതാനത്ത് രണ്ടാം പാദം പരാജയപ്പെട്ട് ലിവർപൂൾ ചാംപ്യൻസ് ലീഗിൽ നിന്നു പുറത്താകുന്നത്.
ജർമൻ ബുന്ദസ്‌ലിഗയിൽ കഴിഞ്ഞ സീസണിൽ തങ്ങളെ മറികടന്ന് ജേതാക്കളായ ലെവർക്യുസനെ ചാംപ്യൻസ് ലീഗിൽ ഇരുപാദങ്ങളിലും നിഷ്പ്രഭരാക്കിയാണ് ബയൺ മ്യൂണിക് ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്. സ്വന്തം മൈതാനത്ത് ആദ്യപാദത്തിൽ 3–0നു ജയം കണ്ടിരുന്ന ബയൺ ഇന്നലെ ലെവർക്യുസന്റെ മൈതാനത്ത് 2–0ന് ജയിച്ചു. 52–ാം മിനിറ്റിൽ ആദ്യഗോൾ നേടുകയും 71–ാം മിനിറ്റിൽ അൽഫോൺസോ ഡേവിസിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഇംഗ്ലിഷ് സ്ട്രൈക്കർ ഹാരി കെയ്നാണ് ബയണിന്റെ വിജയശിൽപി. ഡച്ച് ക്ലബ് ഫെയനൂർദിനെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും വെല്ലുവിളികളില്ലാതെ മറികടന്നു. ആദ്യപാദം 2–0നു ജയിച്ച ഇന്റർ ഇന്നലെ സ്വന്തം മൈതാനത്ത് ജയിച്ചത് 2–1ന്. 8–ാം മിനിറ്റിൽ ഉജ്വലമായ ഒരു സോളോ ഗോളിലൂടെ മാർക്കസ് തുറാമാണ് ഇന്ററിന്റെ ആദ്യഗോൾ നേടിയത്. 42–ാം കിട്ടിയ പെനൽറ്റിയിലൂടെ യാക്കുബ് മോഡർ ഫെയനൂർദിനെ ഒപ്പമെത്തിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്റർ തിരിച്ചടിച്ചു. മെഹ്ദി തരേമിയെ തോമസ് ബീലാൻ ഫൗൾ ചെയ്തതിനു കിട്ടിയ പെനൽറ്റി ഹാകാൻ ചൽഹനോലു ലക്ഷ്യത്തിലെത്തിച്ചു.
ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങി ലമീൻ യമാൽ
ലയണൽ മെസ്സി പോയതിനു ശേഷം മോഹഭംഗത്തിലായിരുന്ന ബാർസിലോന ആരാധകർ ഇതാ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു! ലമീൻ യമാലിന്റെ നേതൃത്വത്തിൽ പുതുനിര ഉജ്വല പ്രകടനം കാഴ്ച വച്ച മത്സരത്തിലാണ് ബാർസ ബെൻഫിക്കയെ 3–1നു തോൽപിച്ചത്. 11–ാം മിനിറ്റിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബെൻഫിക്ക ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തു കയറിയ പതിനേഴുകാരൻ യമാൽ നേർത്തൊരു വിടവിലൂടെ പന്തു നൽകിയത് റാഫിഞ്ഞയ്ക്ക്. ബ്രസീലിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഫിനിഷിൽ ബാർസ 1–0നു മുന്നിൽ. 27–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തു നിന്ന് ഗോൾവലയിലേക്കു ചാഞ്ഞിറങ്ങിയ ഷോട്ടിലൂടെ യമാൽ വീണ്ടും തന്റെ പ്രതിഭ തെളിയിച്ചു. 42–ാം മിനിറ്റിൽ അലഹാന്ദ്രോ ബാൾഡെയുടെ അസിസ്റ്റിൽ നിന്ന് റാഫിഞ്ഞ തന്റെ 2–ാം ഗോൾ നേടി. എന്നാൽ ഗോളടിച്ച റാഫിഞ്ഞയോ യമാലോ അല്ല പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാർസയുടെ പ്രതിരോധത്തിലും മധ്യത്തിലും മിന്നിക്കളിച്ച പെദ്രിയാണ്. 13–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഹെഡറിലൂടെ ക്യാപ്റ്റൻ നിക്കോളാസ് ഓട്ടമെൻഡിയാണ് ബെൻഫിക്കയുടെ ആശ്വാസഗോൾ നേടിയത്. ഇരുപാദങ്ങളിലുമായി 4–1നാണ് ബാർസയുടെ ജയം.