ഷൂട്ടൗട്ടിൽ അൽവാരസിന്റെ ഗോൾ നിഷേധിച്ചു, അത്ലറ്റിക്കോയെ വീഴ്ത്തി റയൽ ക്വാർട്ടറിൽ

Mail This Article
മഡ്രിഡ് ∙ മെട്രൊപൊളിറ്റാനോ സ്റ്റേഡിയത്തിലെ പുല്ലിൽ തെന്നി വീണു പോയത് യൂലിയൻ അൽവാരസ് മാത്രമല്ല; അത്‌ലറ്റിക്കോ മഡ്രിഡിന്റെ ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ ഒന്നാകെയാണ്! രണ്ടര മണിക്കൂറോളം ആവേശവും വിവാദ പെനൽറ്റി നഷ്ടവുമെല്ലാം നിറഞ്ഞ പ്രീക്വാർട്ടർ മത്സരത്തിൽ അയൽക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–2നു മറികടന്ന് റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരുപാദ സ്കോർ 2–2 ആയതിനെത്തുടർന്നാണ് എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടും വേണ്ടി വന്നത്.
ആദ്യ പാദത്തിൽ 2–1ന് റയലും രണ്ടാം പാദത്തിൽ 1–0ന് അത്‌ലറ്റിക്കോയും ജയിച്ചു. കളി തുടങ്ങി 30 സെക്കൻഡിനുള്ളിൽ തന്നെ കോണർ കല്ലഗർ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ ആദ്യപാദത്തിലെ കടംവീട്ടിയത്. 70–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി റയൽ താരം വിനീസ്യൂസ് ജൂനിയർ പാഴാക്കിയതോടെ ഇരുപാദ സ്കോർ 2–2. ബൊറൂസിയ ഡോർട്മുണ്ട്, ആസ്റ്റൻ വില്ല, ആർസനൽ എന്നീ ടീമുകളും ഇന്നലെ മുന്നേറിയതോടെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. ബയൺ മ്യൂണിക്– ഇന്റർ മിലാൻ, ആർസനൽ–റയൽ മഡ്രിഡ്, ബാർസിലോന–ഡോർട്മുണ്ട്, പിഎസ്ജി–ആസ്റ്റൻ വില്ല എന്നിങ്ങനെയാണ് മത്സരങ്ങൾ.
തൊട്ടു, തൊട്ടില്ല!
അത്‌ലറ്റിക്കോ മഡ്രിഡിന്റെ ഹോംഗ്രൗണ്ടായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വിവാദം കത്തിപ്പടർന്നതു ഷൂട്ടൗട്ടിൽ. അത്‌ലറ്റിക്കോ മഡ്രിഡിനു വേണ്ടി രണ്ടാം കിക്കെടുത്ത അർജന്റീന താരം യൂലിയൻ അൽവാരസിനു കാലിടറി. വീഴും മുൻപ് അൽവാരസ് പന്ത് വലയിലേക്കു പായിച്ചതോടെ അത്‌ലറ്റിക്കോ കളിക്കാരും ആരാധകരും ആവേശത്തിമിർപ്പിലായി. ഇതോടെ സ്കോർ 2–2.
റയലിനു വേണ്ടി ഫെഡറിക്കോ വാൽവെർദെ അടുത്ത കിക്കെടുക്കാനെത്തിയപ്പോഴേക്കും റഫറിക്ക് വിഡിയോ അസിസ്റ്റന്റ് റഫറിയുടെ സന്ദേശമെത്തി. വലംകാൽ കൊണ്ട് കിക്കെടുക്കുന്നതിനു മുൻപ് അൽവാരസ് ഇടംകാൽ കൊണ്ട് പന്ത് ടച്ച് ചെയ്തോ എന്ന സംശയത്തിലായിരുന്നു അത്. വിഡിയോ പരിശോധനയിൽ ഇതു ശരിയാണെന്നു തെളിഞ്ഞതോടെ അത്‌ലറ്റിക്കോയ്ക്ക് ഗോൾ നഷ്ടം. സ്കോർ 2–1. പിന്നീട് ഫെഡറിക്കോ വാൽവെർദെ റയലിനായും ഏയ്ഞ്ചൽ കൊറയ അത്‌ലറ്റിക്കോയ്ക്കായും ലക്ഷ്യം കണ്ടു (3–2).
റയൽ താരം ലൂക്കാസ് വാസ്കെസിന്റെ കിക്ക് അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്ക് സേവ് ചെയ്തതോടെ സ്കോർ 3–3. വീണ്ടും പിരിമുറുക്കം. എന്നാൽ അത്‌ലറ്റിക്കോയുടെ മാർക്കസ് ലോറന്റെ അടുത്ത കിക്ക് പോസ്റ്റിലിടിച്ചതോടെ സ്കോർ വീണ്ടും റയലിന് അനുകൂലം. അവസാന കിക്ക് അന്റോണിയോ റുഡിഗർ ലക്ഷ്യത്തിലെത്തിച്ചതോടെ 4–2 ജയത്തോടെ റയൽ ക്വാർട്ടറിലേക്ക്.
ബൽജിയൻ ടീമായ ക്ലബ് ബ്രൂഷിനെ ഇന്നലെ 3–0നാണ് ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ല തോൽപിച്ചത് (ഇരുപാദ സ്കോർ 6–1). ആർസനൽ ഡച്ച് ക്ലബ് പിഎസ്‌വിയെ 2–2 സമനിലയിൽ പിടിച്ചു (ഇരുപാദ സ്കോർ 9–3). ഫ്രഞ്ച് ക്ലബ് ലീലിനെതിരെ 2–1 ജയം നേടിയാണ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ മുന്നേറ്റം. ഇരുപാദങ്ങളിലുമായി 3–2 ജയം.