സ്റ്റാറെയ്ക്കു കീഴിൽ നല്ല തുടക്കമുണ്ടായില്ല, ചില തോൽവികൾ ചോദിച്ചു വാങ്ങി; പുരുഷോത്തമൻ സൂപ്പറാ..!

Mail This Article
ഒരു കിരീടം തേടിയുള്ള കാത്തിരിപ്പിനു 11 വർഷം. ഐഎസ്എൽ ഒരു പതിപ്പ് കൂടി പിന്നിടുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുണ്ടായ മാറ്റം കിരീടമോഹത്തിന് ഒരു വയസ്സ് കൂടിയെന്നതാകും. പ്ലേ ഓഫിന്റെ ആദ്യ സ്ഥാനങ്ങൾ നേടേണ്ട ടീം തന്നെയായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സ്.
ഗോളടിക്കാൻ ആയുധങ്ങളെല്ലാം ഉണ്ടായിട്ടും ഒന്നുമാകാതെ പോയി ഇത്തവണ നമ്മുടെ ടീം. എന്തായിരുന്നു ഈ ടീമിന്റെ കുഴപ്പമെന്ന് ആലോചിച്ചാൽ ഉത്തരം കിട്ടില്ല. പക്ഷേ, തുടക്കം നന്നായാൽ പാതി നന്നായി എന്നാണല്ലോ പറയുന്നത്. ബ്ലാസ്റ്റേഴ്സ് വീണതും അവിടെയാണ്. പുതിയ കോച്ചിനു കീഴിൽ നല്ലൊരു തുടക്കം കണ്ടെത്തുന്നതിൽ ടീം പരാജയപ്പെട്ടു. അനാവശ്യമായ ചില തോൽവികൾ ചോദിച്ചു വാങ്ങി.
ഒടുവിൽ, പോരായ്മകൾ തിരിച്ചറിഞ്ഞ് പരിഹരിച്ചപ്പോഴേക്കു സമയം കടന്നുപോയിരുന്നു. സമയം ആർക്കും വേണ്ടിയും കാത്തുനിൽക്കുന്നില്ലെന്നു ബ്ലാസ്റ്റേഴ്സ് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തവണത്തെ വീഴ്ചയുടെ കാര്യത്തിൽ മാത്രമല്ല, ഇങ്ങനെ കുറിക്കുന്നത്. ആരാധകരും അവരുടെ ആവേശവുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജീവനാഡി. വിജയങ്ങൾ മോഹിച്ചാണ് അവർ ടീമിനെ പിന്തുണയ്ക്കുന്നത്. അവരുടെ മോഹങ്ങൾ പൂവണിയാൻ ഇനിയും വൈകിയാൽ ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനു തന്നെയാകും അതിന്റെ നഷ്ടം. ഹെസൂസ് ഹിമിനെയും കോറു സിങ്ങും വിബിൻ മോഹനനും നോവ സദൂയിയുമാണ് ഈ സീസണിൽ ആഹ്ലാദം സമ്മാനിച്ച ചില മുഖങ്ങൾ. ഒരാൾ കൂടിയുണ്ട്, എന്റെ സുഹൃത്തുകൂടിയായ കോച്ച് പുരുഷോത്തമൻ. ഒരു ഡസൻ മത്സരങ്ങളിൽ ടീമിന്റെ ചുമതല വഹിച്ച പുരുഷു ആ റോൾ മോശമാക്കിയില്ല എന്നതും സംതൃപ്തി പകരുന്നു.