സർക്കാർ ജോലിക്ക് സമയത്ത് അപേക്ഷ നൽകിയെന്ന് അനസ്; അർഹതയില്ലെന്നു സർക്കാർ

Mail This Article
മലപ്പുറം ∙ സർക്കാർ ജോലിക്കായി താൻ നിശ്ചിത സമയത്ത് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നു കായികമന്ത്രി നിയമസഭയിൽ പറഞ്ഞതു ശരിയല്ലെന്നും എല്ലാ രേഖകളും സഹിതം നിശ്ചിത സമയത്തിനുള്ളിൽത്തന്നെ അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഫുട്ബോൾ താരം അനസ് എടത്തൊടിക. അനസിന്റെ അപേക്ഷ യഥാസമയം ലഭിച്ചിരുന്നില്ല എന്ന് മന്ത്രി വി.അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
‘കായിക താരങ്ങൾക്കു നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015–19ലെ ഒഴിവുകളിലേക്ക് അവസാന തീയതിക്കു മുൻപുതന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. മാനദണ്ഡങ്ങൾ പ്രകാരം നിയമനത്തിന് അർഹനല്ല എന്ന മറുപടിയാണ് അന്നു ലഭിച്ചത്’ – അനസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മന്ത്രിയുടെ ഓഫിസ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്പോർട്സ് ക്വോട്ട നിയമനത്തിനുള്ള മാനദണ്ഡപ്രകാരം അനസിന് അർഹതയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അപേക്ഷാ കാലാവധിയിൽ, അനസ് ഇന്ത്യയെയോ കേരളത്തെയോ പ്രതിനിധീകരിച്ച് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടില്ല. പ്രഫഷനൽ ക്ലബ് മത്സരങ്ങൾ സ്പോർട്സ് ക്വോട്ട നിയമനത്തിന് പരിഗണിക്കാറില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.