മടങ്ങിവരവിൽ ഗോളടിച്ച് ഇതിഹാസ താരം, മാലദ്വീപിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം (3-0)

Mail This Article
ഷില്ലോങ്∙ വിരമിക്കൽ തീരുമാനം പിൻവലിച്ച് സുനിൽ ഛേത്രി മടങ്ങിയെത്തിയ മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തുവിട്ട് ഇന്ത്യ. രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ രാഹുൽ ഭേക്കെ (34–ാം മിനിറ്റ്), ലിസ്റ്റൻ കൊളാസോ (66), സുനിൽ ഛേത്രി (76) എന്നിവരാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണ് ഷില്ലോങ്ങിൽ നേടിയത്.
34–ാം മിനിറ്റിൽ ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോളെത്തിയത്. ബോക്സിനകത്തുനിന്ന് പന്തു വലയിലെത്തിച്ചത് രാഹുൽ ഭേകെ. 66–ാം മിനിറ്റിൽ നവോറം മഹേഷ് സിങ് എടുത്ത കോർണറിൽ മാലദ്വീപ് പ്രതിരോധ താരങ്ങളെ മറികടന്ന് ലിസ്റ്റൻ കൊളാസോ ഹെഡ് ചെയ്ത് പന്തു വലയിലെത്തിച്ചു.ഇതോടെ സ്കോർ 2–0. 76–ാം മിനിറ്റിലായിരുന്നു ഇന്ത്യൻ ആരാധകർ കാത്തിരുന്ന ഇതിഹാസ താരത്തിന്റെ ഗോളെത്തിയത്. ലിസ്റ്റൻ കൊളാസോയുടെ അസിസ്റ്റിൽ പന്ത് ഹെഡ് ചെയ്താണ് ഛേത്രി ലക്ഷ്യം കണ്ടത്.
മനോലോ മാര്‍കേസ് ഇന്ത്യന്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ആദ്യ വിജയമാണിത്. 489 ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യ ഒരു രാജ്യാന്തര മത്സരം ജയിക്കുന്നത്. മത്സരത്തിനിടെ ബ്രാണ്ടൻ ഫെർണാണ്ടസ് പരുക്കേറ്റു മടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയാണ്. ബംഗ്ലദേശിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് മത്സരത്തിൽ ബ്രാണ്ടൻ ഫെർണാണ്ടസ് കളിക്കാൻ സാധ്യതയില്ല.