കറ്റാല കടുപ്പക്കാരനാണ്; കളിയിൽ മാത്രം!

Mail This Article
കൊച്ചി ∙ അടുത്ത സീസണിൽ ടീം പൊളിച്ചു പണിയുമോ? – ‘‘പൊളിക്കും.’’ പുതിയ താരങ്ങൾ വരുമോ? – ‘‘ഉറപ്പായും വരും.’’ ആരൊക്കെ ടീമിൽ നിലനിൽക്കും? – ‘‘ടീമിനായി 100 ശതമാനം സമർപ്പണവും കഠിനാധ്വാനവും ചെയ്യുന്നവർ.’’ ഇന്ത്യയിൽ വിജയിച്ച വിദേശ പരിശീലകരിൽ നിന്നു ‘കടം’ കൊള്ളുമോ? – ‘‘മികച്ചതു പകർത്താൻ എന്തിനു മടിക്കണം..’’ പെട്ടെന്നു ദേഷ്യപ്പെടുമോ ? – ‘‘കളി ആസ്വദിക്കാനുള്ളതാണ്. പക്ഷേ പരിശീലന വേളയിൽ ഞാൻ കർക്കശക്കാരനാണ്. അധ്വാനമില്ലാതെ, സമർപ്പണമില്ലാതെ എങ്ങനെ മെച്ചപ്പെടും’’ – എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരമുണ്ട്, ദവീദ് കറ്റാല ഹിമെനെയെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. ചിരിയിൽ തെല്ലു പിശുക്കുണ്ടെങ്കിലും സൗമ്യമായ പെരുമാറ്റം. അളന്നു മുറിച്ച സംസാരം. 20ന് ഒഡീഷയിൽ ആരംഭിക്കുന്ന സൂപ്പർ കപ്പിലൂടെയാണ് സ്പെയിൻകാരനായ കറ്റാലയുടെ അരങ്ങേറ്റം. ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനാ ശേഷം കറ്റാല ‘മനോരമ’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്.
11 വർഷം. ഒരു കിരീടം പോലുമില്ല ബ്ലാസ്റ്റേഴ്സിന്!
എനിക്കറിയാം. വന്ന ദിവസം മുതൽ കാണുന്നവരെല്ലാം ആശംസിക്കുന്നതു കപ്പ് നേടാൻ കഴിയട്ടെ എന്നാണ്. പക്ഷേ നാം യാഥാർഥ്യ ബോധത്തോടെ ചിന്തിക്കണം. ഇത്രയും കാലത്തിനിടെ കപ്പ് നേടാൻ സാധിച്ചിട്ടില്ല. 10 ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ അതു സാധിക്കുമെന്നു കരുതാനുമാകില്ല. പടിപടിയായി നാം കരുത്തു കൂട്ടണം. അതുവരെ ശാന്തമായിരിക്കുകയും വേണം.
സൂപ്പർ കപ്പ് വരുന്നു. എന്താണു ടീമിന്റെ സ്ഥിതി?
കളിക്കാർ നിരാശരാണ്. അവർക്കു മാനസിക പിന്തുണ നൽകി പൊരുതാൻ സജ്ജരാക്കുകയാണു ലക്ഷ്യം. നമ്മുടെ കളിക്കാർ അറ്റാക്കിങ്ങിൽ മിടുക്കരാണ്. അവർ പന്തു കൈവശം വയ്ക്കാനിഷ്ടപ്പെടുന്നു. പക്ഷേ, പന്തു നഷ്ടമായാൽ അവർ ചിതറിപ്പോകും. ടീം കൂടുതൽ കോംപാക്ട് ആകണം.
പാളിയ പ്രതിരോധമായിരുന്നു ടീമിന്റെ പ്രധാന ദൗർബല്യം..
പ്രതിരോധപ്പിഴവുകൾക്കു ഡിഫൻഡർമാരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. അതു ടീമിന്റെ തന്നെ വീഴ്ചയല്ലേ? ഓരോ കളിക്കാരനും എതിരാളിയെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തമുണ്ട്; ഫസ്റ്റ് സ്ട്രൈക്കർ മുതൽ ഗോൾകീപ്പർ വരെ! പ്രതിരോധത്തിൽ കുറച്ചു കൂടി സംഘടിതമായി കളിക്കാൻ സാധിക്കണം.
പുതിയ കളിക്കാരെ തീരുമാനിക്കുന്നതിൽ എന്താണു താങ്കളുടെ പങ്ക്?
സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി ഞാൻ ആശയവിനിമയം നടത്തുന്നുണ്ട്. അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഓരോ പൊസിഷനിലും ഏതു കളിക്കാരൻ വന്നാൽ നന്നായിരിക്കുമെന്നാണ് ആലോചിക്കുന്നത്. അഭിപ്രായങ്ങളെല്ലാം പരിശോധിച്ച ശേഷം സ്പോർട്ടിങ് ഡയറക്ടറാണു തീരുമാനമെടുക്കുക.
ഇന്ത്യയിലെത്തിയ മുൻ വിദേശ പരിശീലകരുടെ ശൈലികൾ പരിശോധിച്ചിരുന്നോ?
ഇവിടെ വിജയിച്ച വിദേശ കോച്ചുമാരിൽ നിന്നു നല്ല വശങ്ങൾ പകർത്താൻ എനിക്കു മടിയില്ല. ഇവാൻ വുക്കോമനോവിച് പരിശീലിപ്പിച്ച ചില കളികൾ കണ്ടു. ഹി ഡിഡ് എ വെരി ഗുഡ് ജോബ്. അദ്ദേഹം ചെയ്ത ചില നല്ല കാര്യങ്ങൾ ‘പോക്കറ്റിലാക്കാനും’ നോക്കും!