ഗോളടിച്ച് ഹെസൂസ് ഹിമെനെ, നോവ സദൂയി; നിലവിലെ ചാംപ്യൻമാരെ പുറത്താക്കി ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ക്വാർട്ടറിൽ

Mail This Article
ഭുവനേശ്വർ∙ സൂപ്പർ കപ്പിലെ ആദ്യ മത്സരം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ആദ്യ പകുതിയുടെ 41–ാം മിനിറ്റിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയും 64–ാം മിനിറ്റിൽ മൊറോക്കൻ ഫോർവേഡ് നോവ സദൂയിയുമാണു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാര്‍. ആദ്യ പകുതിയുടെ അവസാനം നോവ സദൂയിയെ അൻവർ അലി ബോക്സിൽ വീഴ്ത്തിയതിനാണ് ഈസ്റ്റ് ബംഗാളിനെതിരെ പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഹെസൂസ് ഹിമെനെ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു. 64–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ താരങ്ങളെ മറികടന്നുള്ള നോവ സദൂയിയുടെ മുന്നേറ്റമാണ് രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നത്.
ഗോൾ മടക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ അവസരങ്ങളെല്ലാം ലക്ഷ്യം കാണാതെ പോയി. പുതിയ പരിശീലകൻ ദാവീദ് കറ്റാലയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച വിദേശ താരങ്ങളെയടക്കം നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് ഇറങ്ങുന്നത്.