പെനൽറ്റി കിക്ക് നേടിയെടുത്തും ഗോളടിച്ചും സൂപ്പർ നോവ, ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന് എതിരാളി മോഹൻ ബഗാൻ

Mail This Article
ഭുവനേശ്വർ ∙ ഈ ടീമിൽ തന്റെ വജ്രായുധം ആരായിരിക്കും എന്നതിന് ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയ്ക്ക് ഉത്തരം കിട്ടി– നോവ സദൂയി. പെനൽറ്റി കിക്ക് നേടിയെടുത്തും തകർപ്പൻ ലോങ് റേഞ്ചറിലൂടെ സ്കോർ ചെയ്തും മൊറോക്കൻ താരം മിന്നിയ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന് 2–0 ജയം. 40–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിലൂടെ ഹെസൂസ് ഹിമെനെയാണ് ആദ്യഗോൾ നേടിയത്. 64–ാം മിനിറ്റിലായിരുന്നു നോവയുടെ സൂപ്പർ ഗോൾ. നോക്കൗട്ട് രീതിയിലുള്ള ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. 26നാണ് മത്സരം.
എന്തൊരു ഗോൾ!
കളിയുടെ 64–ാം മിനിറ്റിലായിരുന്നു കലിംഗ സ്റ്റേഡിയത്തെ ത്രസിപ്പിച്ച നോവയുടെ ഗോൾ. ബോക്സിനു പുറത്ത് വലതുവിങ്ങിൽ പന്തു കിട്ടിയ നോവ രണ്ട് ഡിഫൻഡർമാരെ വെട്ടിമാറിയൊഴിഞ്ഞ് പന്ത് ഇടംകാലിലേക്കു മാറ്റി. പാസിനോ ക്രോസിനോ ശ്രമിക്കുന്നതിനു പകരം നേരെ ഗോളിനെ ലക്ഷ്യമാക്കി ബുള്ളറ്റ് ഷോട്ട്. ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ വിരലിൽ തൊട്ടുരുമ്മി ക്രോസ് ബാറിൽ തട്ടി പന്ത് വലയിൽ.
എന്താണ് ഹിമെനെ!
വലതുവിങ്ങിൽ പറന്നു കളിച്ച നോവ തന്നെയാണ് കളിയിലുടനീളം ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ വിറപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ 2 ഗോളിനെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്സിനു വിനയായത് സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമെനയുടെ ഫിനിഷിങ് പിഴവുകൾ. നോവ കൃത്യമായി നൽകിയ രണ്ട് ക്രോസുകളാണ് ഹിമെനെ ഗോളിലെത്തിക്കാതെ നഷ്ടപ്പെടുത്തിയത്.
40–ാം മിനിറ്റിൽ ബോക്സിൽ ചടുലമായ ചുവടുകളുമായി മുന്നേറിയ നോവയെ ഈസ്റ്റ് ബംഗാൾ ഡിഫൻഡർ ഫൗൾ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് പെനൽറ്റി കിക്ക് ലഭിച്ചത്. ഹിമെനെയുടെ ആദ്യ കിക്ക് പ്രഭ്സുഖൻ സേവ് ചെയ്തെങ്കിലും കിക്ക് എടുക്കുന്നതിനു മുൻപ് മുന്നോട്ടു കയറിയതിനാൽ റഫറി റീകിക്ക് നിർദേശിച്ചു. ഇത്തവണ ഹിമെനെയ്ക്കു പിഴച്ചില്ല. തകർപ്പൻ കിക്ക് പ്രഭ്സുഖന്റെ കയ്യിൽത്തട്ടി വലയിൽ.
ഗോകുലം ഇന്ന് ഗോവയ്ക്കെതിരെ
സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്സി ഇന്ന് ആദ്യ മത്സരത്തിൽ എഫ്സി ഗോവയെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. ഐ ലീഗിൽ ഗോകുലത്തിനുവേണ്ടി കളിച്ച തബീസോ ബ്രൗൺ അടക്കമുള്ള 24 പേരാണ് സൂപ്പർ കപ്പിലും ടീമിലുള്ളത്. രാത്രി 8ന് രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്സി പഞ്ചാബ് എഫ്സിയെ നേരിടും.