ഗോകുലം വീണു, സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയോടു തോറ്റു പുറത്തായി

Mail This Article
ഭുവനേശ്വർ ∙ ഐ ലീഗിനു പിറകെ സൂപ്പർ കപ്പിലും ഗോകുലത്തിനു നിരാശ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവ 3–0നാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഗോവയുടെ സ്പാനിഷ് താരം ഐകർ ഗ്വരട്‌സെനയുടെ ഹാട്രിക്കിനു മുന്നിലാണ് ഗോകുലം നിഷ്പ്രഭരായത്. ആദ്യപകുതിയിൽ ആക്രമണമഴിച്ചുവിട്ടാണ് ഗോകുലം കളി തുടങ്ങിയത്. എന്നാൽ 23–ാം മിനിറ്റിൽ ബോക്സിനകത്തു വച്ച് ഗോകുലത്തിന്റെ സലാം രഞ്ജൻസിങ് ഗോവയുടെ ദേജൻ ഡ്രാസിക്കിനെ ഫൗൾ ചെയ്തു. തുടർന്നു ലഭിച്ച പെനൽറ്റി കിക്കിൽ നിന്നാണ് ഗ്വരട്സെനയുടെ ആദ്യഗോൾ പിറന്നത്. 35–ാം മിനിറ്റിൽ രണ്ടാം ഗോളും 71–ാം മിനിറ്റിൽ മൂന്നാം ഗോളും നേടി ഗ്വരട്‌സെന ഹാട്രിക് പൂർത്തിയാക്കി.
ഐ ലീഗിൽ അവസാന ദിനം വരെ കിരീടപ്രതീക്ഷയുണ്ടായിരുന്ന ഗോകുലം അവസാന മത്സരത്തിലെ തോൽവിയോടെ നാലാം സ്ഥാനത്തായിരുന്നു. സൂപ്പർകപ്പ് നോക്കൗട്ട് ചാംപ്യൻഷിപ് ആയതിനാൽ ഗോകുലത്തിന് ഇനി അവസരമില്ല. കളിയുടെ ആദ്യപകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടാം പകുതിയിൽ ടീം നിറംമങ്ങിയത് തിരിച്ചടിയായെന്ന് ഗോകുലത്തിന്റെ മുഖ്യപരിശീലകൻ ടി.എ.രഞ്ജിത് പറഞ്ഞു.