ADVERTISEMENT

ഭുവനേശ്വർ∙ കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സെമി കാണാതെ പുറത്ത്‌. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട്‌ 2–1ന്‌ തോറ്റു. സഹൽ അബ്‌ദുൽ സമദും സുഹൈൽ അഹമ്മദ്‌ ബട്ടുമാണ്‌ ബഗാനായി ലക്ഷ്യം കണ്ടത്‌. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ്‌ കറ്റാലയുടെ സംഘത്തിന്‌ ജയം പിടിക്കാനായില്ല. ഇൻജറി ടൈമിൽ ശ്രീക്കുട്ടനാണ്‌ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കിയത്‌. ഈസ്‌റ്റ്‌ ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റവുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. ക്യാപ്‌റ്റൻ അഡ്രിയൻ ലൂണ കളിച്ചില്ല. മുഹമ്മദ്‌ ഐമനായിരുന്നു പകരക്കാരൻ. ഗോൾ കീപ്പറായി സച്ചിൻ സുരേഷ്‌ തുടർന്നു.

മികച്ച നീക്കങ്ങളോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തുടങ്ങിയത്‌. ആദ്യ ഘട്ടത്തിൽ പല തവണ ഗോളിന്‌ അടുത്തെത്തി. എന്നാൽ ലക്ഷ്യം കാണാനായില്ല. കളിയുടെ 22-ാം മിനിറ്റിൽ ബഗാൻ ലീഡ്‌ നേടി. വലതുപാർശ്വത്തിൽ കിട്ടിയ പന്തുമായി സലാഹുദീൻ മുന്നേറിയപ്പോൾ നവോച്ചയ്‌ക്ക്‌ തടയാനായില്ല. ഇരുപത്തിമൂന്നുകാരൻ വെട്ടിയൊഴിഞ്ഞ്‌ ബോക്‌സിലേക്ക്‌ കയറി. ഗോൾമുഖത്തുണ്ടായിരുന്ന സഹലിലേക്ക്‌ കൃത്യം ക്രോസും നൽകി. ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം നോക്കിനിൽക്കെ സഹൽ സച്ചിൻ സുരേഷിനെ കീഴടക്കി പന്ത്‌ വലയിലാക്കി. പിന്നാലെ സുഹൈൽ നടത്തിയ നീക്കം ബ്ലാസ്‌റ്റേഴ്സ്‌ പ്രതിരോധം സമർഥമായി തടഞ്ഞു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സ്‌ ഒരു മികച്ച നീക്കം നടത്തി. ബോക്‌സിന്‌ പുറത്തുനിന്ന്‌ നോഹ സദൂയ്‌ തൊടുത്ത കരുത്തുറ്റ ഷോട്ട്‌ ധീരജ്‌ ആയാസപ്പെട്ട്‌ തടയുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും ആക്രമിച്ചു. ഇക്കുറി ഡാനിഷിന്റെ അടി ഗോൾമുഖത്ത്‌വച്ച്‌ ദിപേന്ദു അടിച്ചകറ്റി. പിന്നാലെ കിട്ടിയ കോർണറിൽനിന്നുള്ള അവസരം സദൂയിക്ക്‌ മുതലാക്കാനുമായില്ല. ധീരജിന്റെ മികച്ച പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. 38-ാം മിനിറ്റിൽ ഹോർമിപാമിന്റെ ഒന്നാന്തരം ക്രോസാണ്‌ ധീരജ്‌ ഒറ്റക്കൈ കൊണ്ട്‌ കുത്തിയകറ്റിയത്‌. ഇടവേളയ്‌ക്ക്‌ പിരിയുന്നതിന് തൊട്ടുമുമ്പ്‌ ഐമൻ നടത്തിയ നീക്കത്തിനും ലക്ഷ്യം കാണാനായില്ല.

രണ്ടാംപകുതിയുടെ തുടക്കത്തിൽതന്ന അദ്‌നാൻ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. സച്ചിൻ സുരേഷിന്റെ കൃത്യമായ ഇടപെടലാണ്‌ രണ്ടാം ഗോൾ വഴങ്ങുന്നതിൽനിന്ന്‌ രക്ഷിച്ചത്‌. അടുത്ത നിമിഷം പ്രത്യാക്രമണം കണ്ടു. നോഹയുടെ ഷോട്ട്‌ ധീരജ്‌ തടഞ്ഞു. 51-ാം മിനിറ്റിൽ കളിഗതിക്കെതിരായി ബഗാൻ ലീഡുയർത്തി. ഇടതുപാർശ്വത്തിൽ ആഷിഖിനെ തടയാൻ നവോച്ചയ്‌ക്ക്‌ കഴിഞ്ഞില്ല.  ക്രോസ്‌ ഗോൾമുഖത്തേക്ക്‌. ഡ്രിൻസിച്ചിന്റെ തൊട്ടുമുന്നിൽനിന്ന്‌ സുഹൈൽ അനായാസം ലക്ഷ്യം കണ്ടു. 56-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ രണ്ട്‌ മാറ്റങ്ങൾ വരുത്തി. നവോച്ചയ്‌ക്കും ഹോർമിപാമിനും ഡാനിഷിനും പകരം സഹീഫും ശ്രീകുട്ടനും ഐബൻബ ഡോഹ്‌ലിങ്ങും കളത്തിലെത്തി.

65-ാം മിനിറ്റിലും 67-ാം മിനിറ്റിലും ഹോർഹെ ഹിമെനെയുടെ ശ്രമങ്ങൾ നേരിയ വ്യത്യാസത്തിലാണ്‌ പുറത്തുപോയത്‌. പകരക്കാരനായെത്തിയ പെപ്രയും ഗോളിനായി ആഞ്ഞുശ്രമിച്ചു. എന്നാൽ ധീരജിന്റെ സേവ്‌ പെപ്രയെ തടഞ്ഞു. 82-ാം മിനിറ്റിൽ നോഹയുടെ മറ്റൊരു ശ്രമവും ധീരജ്‌ തടുത്തു. 86-ാം മിനിറ്റിൽ വിബിനും പെപ്രയും കൂടി നടത്തിയ നീക്കവും ഗോൾമുഖത്ത്‌ അവസാനിക്കുകയായിരുന്നു. അവസാന നിമിഷം ലഗാറ്റോറിന്‌ പകരമെത്തിയ എബിൻദാസ്‌ ലക്ഷ്യത്തിലേക്ക്‌ അടി തൊടുത്തെങ്കിലും ഗോൾവരയിൽവച്ച്‌ പ്രതിരോധം തടഞ്ഞു. അവസാന മിനിറ്റിലായിരുന്നു ശ്രീക്കുട്ടന്റെ ഗോൾ. ബോക്‌സിലേക്കുള്ള ഹിമെനെയുടെ പന്ത്‌ പിടിച്ചെടുത്ത്‌ ശ്രീക്കുട്ടൻ അടിതൊടുത്തു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ 2–1. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽനിന്നു പുറത്തായി.

English Summary:

Super Cup Quarterfinal: Kerala Blasters vs Mohun Bagan Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com