രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ കിരീടം വിജയിച്ച് ബാർസിലോന, എസ്പന്യോളിനെ തകർത്തു

Mail This Article
ബാർസിലോന ∙ ലാലിഗ കിരീടം എന്ന ആചാരം പൂർത്തിയാക്കി; ബാർസിലോനയ്ക്ക് ഇനി ആഘോഷനാളുകൾ. എസ്പാന്യോളിനെ അവരുടെ മൈതാനത്ത് 2–0ത്തിനു തോൽപിച്ചാണ് ബാർസ സ്പാനിഷ് ലീഗ് ഫുട്ബോൾ ജേതാക്കൾക്കുള്ള ട്രോഫി ഉറപ്പിച്ചത്. സീസണിൽ 2 മത്സരങ്ങൾ മാത്രം ശേഷിക്കെ, 7 പോയിന്റ് ലീഡുള്ള ബാർസയെ മറികടക്കാൻ ഇനി രണ്ടാമതുള്ള റയൽ മഡ്രിഡിനാവില്ല.
നഗരവൈരികളായ എസ്പാന്യോളിനെതിരെയുള്ള കാറ്റലൂണിയൻ ഡാർബിപ്പോരിൽ രണ്ടാം പകുതിയിലായിരുന്നു ബാർസയുടെ 2 ഗോളുകളും. 53–ാം മിനിറ്റിൽ ലമീൻ യമാലിന്റെ സുന്ദരമായൊരു ഇടംകാൽഗോളിൽ മുന്നിലെത്തിയ ബാർസയ്ക്കായി ഇൻജറി ടൈമിൽ (90+6) ഫെർമിൻ ലോപ്പസ് രണ്ടാം ഗോൾ നേടി. 80–ാം മിനിറ്റിൽ ലിയാൻഡ്രോ കബ്രേര ചുവപ്പു കാർഡ് കണ്ടതോടെ എസ്പാന്യോൾ 10 പേരായി ചുരുങ്ങിയിരുന്നു.
28–ാം തവണയാണ് ബാർസ സ്പാനിഷ് ടോപ് ഡിവിഷൻ ജേതാക്കളാവുന്നത്. 36 തവണ കിരീടം നേടിയ റയൽ മാത്രമാണ് മുന്നിലുള്ളത്. കോച്ച് ഹാൻസി ഫ്ലിക്കിന്റെ ആദ്യ സീസണിൽ ബാർസയുടെ മൂന്നാം കിരീടമാണിത്. സ്പാനിഷ് സൂപ്പർ കപ്പും കോപ്പ ഡെൽ റേയുമാണ് മറ്റു നേട്ടങ്ങൾ. സീസണിലെ 4 എൽ ക്ലാസിക്കോകളിലും റയൽ മഡ്രിഡിനെ തോൽപിച്ചു എന്ന നേട്ടവും ബാർസ കൈവരിച്ചു.