ഗുഡ് ലക്ക് കെഡിബി, കെവിൻ ഡിബ്രുയ്നെയ്ക്ക് യാത്രയയപ്പ് നൽകി ഇത്തിഹാദ് സ്റ്റേഡിയം

Mail This Article
മാഞ്ചസ്റ്റർ ∙ ഒരു പതിറ്റാണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ തലച്ചോറും ആരാധകഹൃദയങ്ങളുടെ മിടിപ്പുമായിരുന്ന ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെ ഇത്തിഹാദ് സ്റ്റേഡിയത്തോടു വിട പറഞ്ഞു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിൽ സിറ്റിയുടെ അവസാന ഹോം മത്സരത്തിലാണു ക്ലബ് ഡിബ്രുയ്നെയ്ക്കു വികാരഭരിതമായ യാത്രയയപ്പു നൽകിയത്. ബോൺമത്തിനെതിരായ മത്സരത്തിലെ 3–1 വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2015ൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽനിന്ന് സിറ്റിയിലെത്തിയ ഡിബ്രുയ്നെ ക്ലബ്ബിനായി 284 മത്സരങ്ങളിൽ 72 ഗോളുകൾ നേടിയിട്ടുണ്ട്. അടിച്ച ഗോളുകളെക്കാൾ വഴിയൊരുക്കിയ ഗോളുകളുടെ പേരിലാണു ‘കെഡിബി’ ഇത്തിഹാദിന്റെ ഇതിഹാസ താരമായത്.
സിറ്റിക്കൊപ്പം 2023ലെ ചാംപ്യൻസ് ലീഗും 6 ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടങ്ങളും സഹിതം 16 ട്രോഫികൾ ഡിബ്രുയ്നെ നേടിയിട്ടുണ്ട്. 33–ാം വയസ്സിൽ തനിക്കു കരാർ പുതുക്കി നൽകാതിരുന്ന ക്ലബ് മാനേജ്മെന്റിന്റെ തീരുമാനത്തിലുള്ള ഞെട്ടൽ പങ്കുവച്ചാണു ഡിബ്രുയ്നെ കളം വിടുന്നത്. സിറ്റിയുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി അറിയപ്പെടുന്ന ഡിബ്രുയ്നെ സമീപകാലത്തു പരുക്കിന്റെ പിടിയിലായിരുന്നു. ബോൺമത്തിനെതിരായ മത്സരത്തിൽ സ്റ്റാർട്ട് ലിസ്റ്റിൽ താരത്തിന്റെ പേരുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നായിരുന്നു മത്സരത്തലേന്നു കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞത്.
എങ്കിലും ആദ്യ ഇലവനിൽ കളത്തിലിറങ്ങിയ ഡിബ്രുയ്നെയെ 69–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ആരാധകർ നിറഞ്ഞ കയ്യടികളോടെ ആദരമറിയിച്ചു. ക്ലബ്ബിൽ ഡിബ്രുയ്നെയുടെ പ്രതിമ സ്ഥാപിക്കുമെന്നു താരത്തിന്റെ കുടുംബാംഗങ്ങളെ സാക്ഷികളാക്കി സിറ്റി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചു. ‘സന്തോഷം, അപ്പോൾ ഞാനീ ക്ലബ് വിടുന്നില്ല, എക്കാലവും നിങ്ങൾക്കൊപ്പം ഉണ്ടാകുമല്ലോ’ എന്നായിരുന്നു ഡിബ്രുയ്നെയുടെ പ്രതികരണം. നേരത്തേ, ഒമർ മർമൂഷിന്റെ ലോങ് റേഞ്ചർ ഗോളിൽ കളി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്കായി ബെർണാഡോ സിൽവ, നിക്കോ ഗോൺസാലസ് എന്നിവരും ഗോൾ നേടി. ഡാനിയൽ ജെബിസൺ ബോൺമത്തിന്റെ ഗോൾ മടക്കി. സിറ്റിയുടെ മാറ്റിയോ കൊവാച്ചിച്ച്, ബോൺമത്തിന്റെ ലെവിസ് കുക്ക് എന്നിവർ ചുവപ്പുകാർഡ് കണ്ടതിനാൽ ഇരുടീമും 10 പേരുമായാണ് കളി അവസാനിപ്പിച്ചത്.