സൂപ്പർ ക്ലൈമാക്സ്!

Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിനു നാളെ സൂപ്പർ ക്ലൈമാക്സ്! ശേഷിക്കുന്നത് ഒരേയൊരു മത്സരം. അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത നേടിയത് രണ്ടു ടീമുകൾ മാത്രം. ബാക്കിയുള്ള 3 സ്ഥാനങ്ങളിലേക്ക് 5 ടീമുകളാണു മത്സരരംഗത്തുള്ളത്. ലീഗ് ചാംപ്യന്മാരായ ലിവർപൂളും നിലവിലെ രണ്ടാം സ്ഥാനക്കാരായ ആർസനലും മാത്രമാണ് ഇതുവരെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയത്. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, ആസ്റ്റൻ വില്ല, നോട്ടിങ്ങാം ഫോറസ്റ്റ് എന്നീ ടീമുകളാണു ശേഷിക്കുന്ന 3 സ്ഥാനങ്ങൾക്കായി മത്സരരംഗത്തുള്ളത്. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത വർഷം ചാംപ്യൻസ് ലീഗ് കളിക്കും.
വ്യത്യാസം 3 പോയിന്റ്
മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും 7–ാം സ്ഥാനത്തുള്ള നോട്ടിങ്ങാം ഫോറസ്റ്റും തമ്മിലുള്ള വ്യത്യാസം വെറും 3 പോയിന്റ് മാത്രമാണ്. മാഞ്ചസ്റ്റർ സിറ്റി– 68, ന്യൂകാസിൽ– 66, ചെൽസി– 66, ആസ്റ്റൻ വില്ല– 66, നോട്ടിങ്ങാം ഫോറസ്റ്റ്–65 എന്നിങ്ങനെയാണ് പോയിന്റ് നില. ഫുൾഹാമിനെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിയാലും ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. എവർട്ടനാണ് ന്യൂകാസിലിന്റെ എതിരാളികൾ. ആസ്റ്റൻ വില്ല മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടും. ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്കായി ഒപ്പത്തിനൊപ്പം പോരാടുന്ന ചെൽസിയും നോട്ടിങ്ങാം ഫോറസ്റ്റും നേർക്കുനേർ ഏറ്റുമുട്ടും. സീസണിൽ അദ്ഭുതക്കുതിപ്പ് നടത്തിയ നോട്ടിങ്ങാമിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് അവർക്കു മുൻതൂക്കം നൽകും.
ഗോൾവ്യത്യാസം നിർണായകം
ന്യൂകാസിൽ (+22), ചെൽസി (+20) എന്നിവ ആസ്റ്റൻ വില്ലയെക്കാൾ (+9) ഗോൾവ്യത്യാസത്തിൽ മുന്നിലാണ്. അതിനാൽ ന്യൂകാസിലിനും ചെൽസിക്കും ജയംകൊണ്ടു തന്നെ ചാംപ്യൻസ് ലീഗ് ഉറപ്പിക്കാം. നാളത്തെ മത്സരങ്ങളിൽ ഏറ്റവും കടുപ്പം ചെൽസി – നോട്ടിങ്ങാം ഫോറസ്റ്റ് പോരാട്ടമാണ്. ഈ മത്സരത്തിൽ ചെൽസിയെ തോൽപിച്ചാലും മറ്റുടീമുകളുടെ റിസൽട്ടിനെ ആശ്രയിച്ചു മാത്രമേ നോട്ടിങ്ങാം ഫോറസ്റ്റിനു ചാംപ്യൻസ് ലീഗ് സ്വപ്നം കാണാനാകൂ.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽനിന്ന് ഇത്തവണ ചാംപ്യൻസ് ലീഗിലേക്ക് ആദ്യ 5 സ്ഥാനക്കാർക്കു യോഗ്യത ലഭിക്കും. സാധാരണ 4 ടീമുകൾക്കായിരുന്നു അവസരം. യൂറോപ്യൻ ടൂർണമെന്റുകളിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ പെർഫോമൻസ് സ്പോട്ട് എന്ന നിലയിൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്തിയത്. യൂറോപ്പ ലീഗ് ജയിച്ച ടോട്ടനം കൂടി എത്തുന്നതോടെ അടുത്ത ചാംപ്യൻസ് ലീഗിൽ 6 ഇംഗ്ലിഷ് ക്ലബ്ബുകൾ കളിക്കുമെന്ന് ഉറപ്പായി.