വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേർന്ന് മലയാളി ഫുട്ബോൾ താരം രാഹുൽ കെ.പി; ഇനി യുഎസിൽ കളിക്കും

Mail This Article
ലണ്ടൻ∙ മലയാളി ഫുട്ബോളർ രാഹുൽ കെ.പി. ഇംഗ്ലിഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേർന്നു. യുഎസിൽ നടക്കുന്ന ‘ദ് സോക്കർ ടൂർണമെന്റ്’ കളിപ്പിക്കാനാണ് രാഹുലിനെ വെസ്റ്റ്ഹാം വാങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന രാഹുൽ, പിന്നീട് ഒഡിഷ എഫ്സിയിലേക്കു മാറിയിരുന്നു. വെസ്റ്റ് ഹാം ജഴ്സിയിൽ ഇറങ്ങാൻ കാത്തിരിക്കുകയാണെന്നു രാഹുൽ പ്രതികരിച്ചു.
25 വയസ്സുകാരനായ താരം ഇന്ത്യൻ ജഴ്സിയിൽ ഏഴു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 48 ടീമുകൾ 12 ഗ്രൂപ്പുകളായി മത്സരിക്കുന്ന ‘ദ് സോക്കർ ടൂർണമെന്റ്’ യുഎസിലെ നോർത്ത് കാരലിനയിലാണു നടക്കേണ്ടത്. യൂറോപ്യൻ ഫുട്ബോളിലെ വമ്പൻമാരായ എഎഫ്സി ബോൺമത്, വിയ്യാറയൽ, ബൊറൂസിയ ഡോർട്ട്മുണ്ട്, അത്‍ലറ്റികോ മഡ്രിഡ് ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.
തൃശൂർ സ്വദേശിയായ രാഹുൽ കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി 19 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. 2019ൽ ഇന്ത്യൻ ആരോസിൽ കളിച്ച് ഐ ലീഗിൽ തിളങ്ങിയതോടെയാണ് രാഹുലിന് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തെളിഞ്ഞത്. 2019ൽ 80 ലക്ഷം രൂപയ്ക്ക് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു. കഴിഞ്ഞ സീസണ് മുന്നോടിയായിട്ടായിരുന്നു താരം ഒഡിഷയിലേക്കു മാറിയത്. 1.2 കോടി രൂപയാണ് താരത്തിന്റെ മൂല്യം.