ചാംപ്യൻസ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ; ആസ്റ്റൺ വില്ലയ്ക്ക് ‘റെഡ് കാർഡ്’, ലിവർപൂളിനെ സലാ രക്ഷിച്ചു!

Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ചാംപ്യൻസ് ലീഗ് യോഗ്യത നേടിയ ടീമുകളുടെ അന്തിമ ചിത്രമായി. നേരത്തേ തന്നെ കിരീടമുറപ്പിച്ച ലിവർപൂളിനും രണ്ടാം സ്ഥാനക്കാരായ ആർസനലിനും പിന്നാലെ മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാരായി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത സീസണിൽ ചാംപ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടിയിരുന്നു.
ഇന്നു നടന്ന അവസാന ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെയും (2–0), ചെൽസി നോട്ടിങ്ങം ഫോറസ്റ്റിനെയും (1–0) തോൽപ്പിച്ചു. ഇയാൻ ഗുണ്ടോഗൻ (21–ാം മിനിറ്റ്), എർലിങ് ഹാലണ്ട് (72, പെനൽറ്റി) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 50–ാം മിനിറ്റിൽ ലെവി കോൾവിൽ നേടിയ ഗോളിലാണ് ചെൽസിയുടെ വിജയം. ന്യൂകാസിൽ യുണൈറ്റഡ് എവട്ടനോട് 1–0ന് തോറ്റെങ്കിലും, ആസ്റ്റൺ വില്ലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത് (2–0) അവർക്ക് ഗുണമായി. മാത്രമല്ല, നോട്ടിങ്ങം ഫോറസ്റ്റ് ചെൽസിയോട് തോറ്റതും ന്യൂകാസിലിന് വഴി എളുപ്പമാക്കി. ആസ്റ്റൺ വില്ലയ്‌ക്കെതിരെ യുണൈറ്റഡിനായി അമാദ് ഡിയാലോ (76), ക്രിസ്റ്റ്യൻ എറിക്സൻ (87, പെനൽറ്റി) എന്നിവരും ലക്ഷ്യം കണ്ടു.
അഞ്ചാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയ്ക്കും ന്യൂകാസിൽ യുണൈറ്റഡിനും 66 പോയിന്റ് വീതമാണെങ്കിലും, ഗോൾശരാശരിയുടെ മികവിലാണ് ന്യൂകാസിൽ അഞ്ചാം സ്ഥാനം ഉറപ്പാക്കിയത്. ജയിച്ചിരുന്നെങ്കിൽ ആസ്റ്റൺ വില്ലയ്ക്ക് മുന്നേറാമായിരുന്നു. നോട്ടിങ്ങം ഫോറസ്റ്റ് 65 പോയിന്റുമായി എഴാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആദ്യപകുതിയുടെ ഇൻജറി ടൈമിൽ വിവാദപരമായ തീരുമാനത്തിൽ ചുവപ്പുകാർഡ് പുറത്തുപോയത് ആസ്റ്റൺ വില്ലയ്ക്ക് തിരിച്ചടിയായി.
അതേസമയം, നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്ന ലിവർപൂളിനെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനില പാലിച്ചത്. 68–ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയ ലിവർപൂൾ മത്സരം അവസാന 10 മിനിറ്റിലേക്ക് കടക്കുമ്പോഴും 1–0ന് പിന്നിലായിരുന്നു. 84–ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലായാണ് ലിവർപൂളിന്റെ രക്ഷകനായത്.
അവസാന നിമിഷം വരെ സതാംപ്ടണുമായി ഓരോ ഗോളടിച്ച് സമനില പാലിച്ച ആർസനലിന്, 89–ാം മിനിറ്റിൽ ഒഡെഗാർഡ് നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്. 84 പോയിന്റുള്ള ലിവർപൂളിന് പിന്നിൽ 74 പോയിന്റുമായാണ് ആർസനൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
മറ്റു മത്സരങ്ങളിൽ എഎഫ്‍സി ബേൺമൗത്ത് ലെസ്റ്റർ സിറ്റിയെയും (2–0), വെസ്റ്റ്ഹാം യുണൈറ്റഡ് ഇപ്സ്‌വിച്ച് ടൗണിനെയും (3–1), ബ്രൈട്ടൺ ടോട്ടനം ഹോട്സ്പറിനെയും (4–1) തോൽപ്പിച്ചു. വോൾവർഹാംപ്ടനും ബ്രെന്റ്ഫോഡും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 18, 19, 20 സ്ഥാനങ്ങളിലുള്ള ലെസ്റ്റർ സിറ്റി, ഇപ്സ്‌വിച്ച് ടൗൺ, സതാംപ്ടൻ എന്നീ ടീമുകൾ ഒന്നാം ഡിവിഷനിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. .