കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് റയൽ മഡ്രിഡ്; പഴയ തട്ടകത്തിലേക്ക് പരിശീലകനായി സാബി അലൊൻസോ എത്തുന്നു

Mail This Article
മഡ്രിഡ്∙ അഭ്യൂഹങ്ങൾ ശരിവച്ച് മുൻ താരം കൂടിയായ സാബി അലൊൻസോയെ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് പരിശീലകനായി പ്രഖ്യാപിച്ചു. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി പോകുന്ന ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായാണ് സാബി അലൊൻസോ റയലിലെത്തുന്നത്. നിലവിൽ ജർമൻ ബുന്ദസ് ലിഗയിൽ ബയേർ ലെവർക്യൂസന്റെ പരിശീലകനാണ്. മൂന്നു വർഷത്തേക്കാണ് റയലും അലൊൻസോയും തമ്മിലുള്ള കരാർ.
റയലിനായി 236 മത്സരങ്ങൾ കളിച്ചിട്ടുള്ള മിഡ് ഫീൽഡറായ അലൊൻസോ, ഈ സീസൺ അവസാനത്തോടെ ബയേർ ലെവർക്യൂസൻ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലിവർപൂളിനായും സ്പെയിൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. 2028 ജൂൺ 30 വരെയാണ് നിലവിലെ കരാർ പ്രകാരം അലൊൻസോ റയലിലുണ്ടാവുക.
2014ൽ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗ് ജേതാക്കളാകുമ്പോൾ അലൊൻസോ ടീമിൽ അംഗമായിരുന്നു. ക്ലബ് ലോകകപ്പാകും റയൽ പരിശീലകനെന്ന നിലയിൽ അലൊൻസോയുടെ ആദ്യ പ്രധാന ദൗത്യം. ജൂൺ പതിനെട്ടിന് സൗദി ക്ലബായ അൽ ഹിലാലിനെതിരെയാണ് ക്ലബ് ലോകകപ്പിൽ റയലിന്റെ ആദ്യ മത്സരം.
ബയേർ ലെവർക്യൂസന്റെ പരിശീലകനെന്ന നിലയിലുള്ള ആദ്യ സീസണിൽ, 2023–24ൽ ക്ലബിന് ആദ്യമായി ബുന്ദസ്‌ലിഗ കിരീടം സമ്മാനിച്ച പരിശീലകനാണ് അലൊൻസോ. ഒരു മത്സരം പോലും തോൽക്കാതെയായിരുന്നു കിരീടധാരണമെന്ന പ്രത്യേകതയുമുണ്ട്. ആ സീസണിൽ ടീമിന് ജർമൻ കപ്പും നേടിക്കൊടുത്തു. എന്നാൽ ഈ സീസണിൽ ബയൺ മ്യൂണിക്കിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ലെവർക്യൂസൻ. അലൊൻസോ ടീം വിടുന്ന ഒഴിവിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ഡെൻ ഹാഗ് ലെവർക്യൂസൻ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്.