ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം; സഹകരണ കരാറിൽ ഒപ്പുവച്ച് സൂപ്പർ ലീഗ് കേരളയും ജർമൻ ഫുട്‌ബോൾ അസോസിയേഷനും

Mail This Article
കൊച്ചി∙ ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർ ലീഗ് കേരളയും (എസ്എൽകെ) ജർമൻ ഫുട്‌ബോൾ അസോസിയേഷനും (ഡിഎഫ്‍ബി) സഹകരണ കരാർ ഒപ്പുവച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്‌ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മിഡിയ റൈറ്റ്സ് ഡയറക്ടർ കേ ഡാംഹോൾസും ലീഗ, ഫുട്‌സാൽ - ബുന്ദസ്‌ലിഗ മേധാവി ഫിലിപ്പ് മെർഗെന്ദലറും കരാറിൽ ഒപ്പുവച്ചു.
ഇതോടെ, ജർമനിയുടെ ലോകോത്തര ഫുട്‌ബോൾ പശ്ചാത്തല സൗകര്യങ്ങളും പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള അവരുടെ തനത് രീതികളും കേരള ഫുട്‌ബോളിന് വലിയ മുതൽക്കൂട്ടാകും. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്‌ബോൾ വികസനം സാധ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ ഉന്നതനിലവാരത്തിലുള്ള പരിശീലനം നേടാൻ ഇതുവഴി അവസരം ലഭിക്കും.
കൂടാതെ പരിചയസമ്പന്നരായ ജർമൻ ഫുട്‌ബോൾ പ്രഫഷനലുകൾക്കും പരിശീലകർക്കും സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി പ്രവർത്തിക്കാനും സംസ്ഥാനത്തെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകാനും കഴിയും.
മ്യൂണിക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശത്രുഘ്ന സിൻഹ, എഫ്സി ഇൻഗോൾസ്റ്റഡ് സിഇഒ ഡയറ്റ്മർ ബെയേഴ്സ്ഡോർഫർ, ടിഎസ്ജി ഹോഫൻഹൈം, ഡിഎഫ്ബി ഉപദേഷ്ടാവ് കൗശിക് മൗലിക്, ഓസ്ട്രിയയിലെ ഇന്ത്യൻ ഫുട്‌ബോൾ സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.