വെസ്റ്റ്ഹാം ജഴ്സിയിൽ സെവൻസ് കളിക്കാൻ കെ.പി.രാഹുൽ

Mail This Article
കൊച്ചി ∙ അമേരിക്കയിലെ ആഗോള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിനായി മലയാളി താരം കെ.പി.രാഹുൽ ബൂട്ട്സണിയും. അമേരിക്കയിലെ നോർത്ത് കാരലൈനയിൽ നടക്കുന്ന ‘ടിഎസ്ടി’യിൽ (ദ് സോക്കർ ടൂർണമെന്റ്) കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറാണു രാഹുൽ. വെസ്റ്റ് ഹാം ടീമിലെ ഏക ഏഷ്യൻ താരവുമാണ് രാഹുൽ.
ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട രാഹുൽ ഇപ്പോൾ ഒഡീഷ എഫ്സിയുടെ താരമാണ്. ‘‘ ഇന്ത്യൻ ഫുട്ബോളിന്റെ മികവു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്നു കാണിക്കാനുമുള്ള അവസരമായാണു ഞാൻ ഇതിനെ കാണുന്നത്’’ – തൃശൂർ സ്വദേശിയായ രാഹുൽ പറഞ്ഞു.
ഏഴു പേർ വീതം കളിക്കുന്ന സെവൻസ് മാതൃകയിലുള്ള ‘ടിഎസ്ടി’യിൽ 48 പുരുഷ ടീമുകളും 16 വനിതാ ടീമുകളുമാണു കളിക്കുന്നത്. വെസ്റ്റ് ഹാമിനു പുറമേ, അത്‌ലറ്റിക്കോ മഡ്രിഡ്, വിയ്യാറയൽ, ബോൺമത്, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങി യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളുടെയും ടീമുകൾ പങ്കെടുക്കും.
നിലവിലെ താരങ്ങൾക്കു പുറമേ, വിരമിച്ച താരങ്ങളും സെലിബ്രിറ്റികളുമൊക്കെയാണ് ഓരോ ടീമിനായും കളിക്കുക. ആന്റൺ ഫെർഡിനന്റാണ് വെസ്റ്റ്ഹാമിന്റെ കോച്ച്. സ്വന്തം ടീമുമായാണ് അഗ്യൂറോ എത്തുന്നത്. ജൂൺ 4 മുതൽ 9 വരെയാണു ടിഎസ്ടി. ലോകത്തെ ഏറ്റവും ആകർഷക സെവൻസ് ഫുട്ബോൾ മേളയെന്നു വിശേഷിപ്പിക്കപ്പെടുന്ന ടിഎസ്‌ടി ജേതാക്കൾക്ക് 10 ലക്ഷം ഡോളറാണു (ഏകദേശം 8.5 കോടി രൂപ) സമ്മാനം.