എൻറിക്വെയുടെ മാലാഖ, പിഎസ്ജിയുടെയും; ഓർമകളിൽ ലൂയി എൻറിക്വെയുടെ ആറു വയസുകാരി മകൾ സാനാ!

Mail This Article
മനുഷ്യനാണ്, മാറും, മറക്കും. പക്ഷേ, 10 വർഷം മുൻപുള്ള ബർലിൻ ഒളിംപിക് സ്റ്റേഡിയത്തിലെ ആ മഞ്ഞുപെയ്ത രാത്രി പിഎസ്ജി ആരാധകർ തങ്ങളുടെ ഓർമയിൽ നിധിപോലെ സൂക്ഷിച്ചിരുന്നു. അന്ന് ഇറ്റാലിയൻ ക്ലബ് യുവന്റസിനെ തോൽപിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന യുവേഫ ചാംപ്യൻസ് ലീഗ് കിരീടം ചൂടിയപ്പോൾ ബാർസയുടെ അമരത്ത് ലൂയി എൻറിക്വെ എന്ന പരിശീലകന്റെ വിരലിൽ തൂങ്ങി ഒരു ആറു വയസ്സുകാരിയും ഉണ്ടായിരുന്നു; സാനാ. ഫൈനൽ ജയിച്ച ശേഷം ഗ്രൗണ്ടിൽ എൻറിക്വെയും മകൾ സാനായും ചേർന്നാണ് ബാർസയുടെ വിജയക്കൊടി നാട്ടിയത്. പത്ത് വർഷത്തിനു ശേഷം എൻറിക്വെ ഒരിക്കൽ കൂടി ചാംപ്യൻസ് ലീഗ് കിരീടമുയർത്തിയപ്പോൾ അതാഘോഷിക്കാൻ സാനാ ഒപ്പമുണ്ടായിരുന്നില്ല.
2019ൽ അർബുദരോഗം അവളെ കവർന്നെടുത്തിരുന്നു. പക്ഷേ, സാനായും എൻറിക്വെയും ചേർന്ന് ഗ്രൗണ്ടിൽ പിഎസ്ജിയുടെ കൊടി നാട്ടുന്ന പ്രതീകാത്മക ചിത്രം ഇന്നലെ മ്യൂണിക്കിലെ അലിയാൻസ് അരീന സ്റ്റേഡിയത്തിൽ ഉയർന്നു. തങ്ങളുടെ ചാംപ്യൻസ് ലീഗ് കിരീടസ്വപ്നം യാഥാർഥ്യമാക്കിയ പ്രിയ പരിശീലകനു പിഎസ്ജി ആരാധകർ കാത്തുവച്ച സമ്മാനമായിരുന്നു അത്.
എൻറിക്വെ ബാർസിലോന പരിശീലകനായ കാലത്ത് പ്രധാന മത്സരങ്ങളിലെല്ലാം മകൾ സാനായെയും ഒപ്പം കൂട്ടിയിരുന്നു. ബാർസയുടെ ‘ഭാഗ്യദേവതയായി’ ചുരുങ്ങി കാലം കൊണ്ടുമാറിയ സാനാ, 2015 ചാംപ്യൻസ് ലീഗ് ഫൈനലിലും എൻറിക്വെയ്ക്ക് ഒപ്പമുണ്ടായിരുന്നു. അന്ന് 3–1ന് യുവന്റസിനെ തോൽപിച്ച് ബാർസ ട്രെബിൾ തികച്ചതിനു പിന്നാലെ എൻറിക്വെയും സാനായും ഗ്രൗണ്ടിലിറങ്ങി. ബാർസയുടെ കൊടി ഗ്രൗണ്ടിൽ നാട്ടി. ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു അത്.

ബാർസയിൽ നിന്നു സ്പെയിൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത എൻറിക്വെ ഒരു വർഷം തികയുന്നതിനു മുൻപേ പ്രഫഷനൽ ഫുട്ബോളിൽ നിന്ന് അവധിയെടുത്തു. സാനായുടെ അസുഖമായിരുന്നു കാരണം. പിന്നീടുതിരിച്ചെത്തിയ എൻറിക്വെയ്ക്കൊപ്പം മകൾ സാനാ ഉണ്ടായിരുന്നില്ല. സാനായെക്കുറിച്ചുള്ള ആരാധകരുടെ നിരന്തര അന്വേഷണത്തിനൊടുവിൽ എൻറിക്വെ ആ ദുഃഖ വാർത്ത പങ്കുവച്ചു, ‘എന്റെ പ്രിയ മകൾ സാനാ, അർബുദം ബാധിച്ചു മരിച്ചിരിക്കുന്നു, നിങ്ങളുടെ പ്രാർഥനയിൽ അവളെ എന്നും ഓർക്കുക’.
ഇന്നലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ മകളുടെ ചിത്രം പതിച്ച ടീ ഷർട്ടുമണിഞ്ഞാണ് എൻറിക്വെ എത്തിയത്. ഗാലറിയിൽ സാനായുടെയും തന്റെയും ചിത്രം ഉയർന്നപ്പോൾ എൻറിക്വെയുടെ കണ്ണുകൾ നിറഞ്ഞു. ‘ അവൾ എവിടെയും പോയിട്ടില്ല, എന്നും എനിക്കൊപ്പമുണ്ട്. നിങ്ങളുടെ സ്നേഹത്തിനു നന്ദി’– മത്സരശേഷം എൻറിക്വെ പറഞ്ഞതു കേട്ടപ്പോൾ ഗാലറികളിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെയും കണ്ണുകൾ നിറഞ്ഞുകവിഞ്ഞു.