മെസ്സിക്കും നെയ്മാറിനും എംബപെയ്ക്കും സാധിച്ചില്ല; പിഎസ്ജിക്ക് ആദ്യ ചാംപ്യൻസ് ലീഗ് കിരീടം സമ്മാനിച്ച് 19കാരൻ!

Mail This Article
മ്യൂണിക് ∙ മെസ്സിക്കും നെയ്മാറിനും എംബപെയ്ക്കും നേടാൻ പറ്റാതിരുന്നത് അവരുടെയൊക്കെ ആരാധകനായ ഡിസിറെ ഡുവെ എന്ന പത്തൊമ്പതുകാരൻ പയ്യൻസ് പിഎസ്ജിക്കു നേടിക്കൊടുത്തു! ആദ്യ ഗോളിനു വഴിയൊരുക്കുകയും 2 ഗോളുകൾ നേടുകയും ചെയ്ത ഡുവെയുടെയും സംഘത്തിന്റെയും മികവിൽ, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ 5–0ന് കീഴടക്കിയ പാരിസ് സെന്റ് ജർമയ്നു കന്നി ചാംപ്യൻസ് ലീഗ് കിരീടം. 2011ൽ ഫ്രഞ്ച് ക്ലബ്ബിനെ ഏറ്റെടുത്ത ഖത്തർ ബിസിനസ് ഗ്രൂപ്പ് ഒഴുക്കിയ ശതകോടികൾക്ക് ഒടുവിൽ ഫലസിദ്ധി.
യൂറോപ്യൻ ഫുട്ബോളിലെ ഫ്രഞ്ച് വിപ്ലവമെന്നു വിശേഷിപ്പിക്കാവുന്ന നേട്ടം. ആദ്യ ഘട്ടത്തിൽ സൂപ്പർ താരങ്ങളെ അണിനിരത്തി ട്രോഫി നേടാനായിരുന്നു പിഎസ്ജി മാനേജ്മെന്റിന്റെ ശ്രമം. ലയണൽ മെസ്സി, കിലിയൻ എംബപെ, നെയ്മാർ തുടങ്ങിയ സൂപ്പർ താരങ്ങളും സൂപ്പർ പരിശീലകരും വന്നെങ്കിലും ചാംപ്യൻസ് ലീഗ് കിരീടം അകന്നുനിന്നു.
2020ൽ ഫൈനലിൽ എത്തിയെങ്കിലും ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു തോറ്റു. എംബപെ റയൽ മഡ്രിഡിലേക്കു ചേക്കേറിയതിനു ശേഷം യുവതാരങ്ങളെ അണിനിരത്തി ലൂയി എൻറിക്വെയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മാറ്റങ്ങളുടെ പ്രതിഫലനമാണ് ഒടുവിൽ ചാംപ്യൻസ് ലീഗ് കിരീടവിജയത്തിൽ എത്തിനിൽക്കുന്നത്. ശനി അർധരാത്രി നടന്ന ഫൈനലിൽ, കളി തുടങ്ങി 20 മിനിറ്റിനകം ഇന്ററിന്റെ കരുത്തുറ്റ പ്രതിരോധം പിളർത്തി പിഎസ്ജിക്കു നേടാൻ കഴിഞ്ഞ 2 ഗോളുകളാണ് മത്സരഫലം നിർണയിച്ചത്.

അതോടെ തകർന്നുപോയ ഇന്ററിന്റെ പ്രതിരോധത്തിൽ തെളിഞ്ഞുവന്ന വിടവുകളിലൂടെ പിഎസ്ജി ശേഷിച്ച 3 ഗോളുകളും നേടി. അച്‌റഫ് ഹാക്കിമി (12–ാം മിനിറ്റ്), ഡിസിറെ ഡുവെ (20, 63), ഹ്വിച്ച ക്വാററ്റ്സ്ഹെലി (73), സെന്നി മെയ്‌ലു (86) എന്നിവരാണ്, ഇന്ററിന്റെ പരിചയസമ്പന്നനായ ഗോളി യാൻ സോമറിനെ കീഴടക്കി ഗോളുകൾ നേടിയത്.
12–ാം മിനിറ്റിൽ മുൻ ഇന്റർ താരം കൂടിയായ പിഎസ്ജി ഡിഫൻഡർ അച്റഫ് ഹാക്കിമി നേടിയ ഗോൾ ഇന്ററിന്റെ സമനില തെറ്റിച്ചു കളഞ്ഞു. ഇടതുവിങ്ങിലായിരുന്നു നീക്കങ്ങളുടെ തുടക്കം. ബോക്സിനു തൊട്ടുപുറത്തുനിന്ന് മിലാൻ പ്രതിരോധത്തെ കീറിമുറിച്ച് വിറ്റീഞ്ഞ്യയുടെ ത്രൂബോൾ ഡിസിറെ ഡുവെയുടെ കാലുകളിലേക്ക്. കൂളായി പന്തു കാലിലെടുത്ത ഡുവെ കടുത്ത പ്രതിരോധം തീർക്കാൻ ഇടതുവിങ്ങിലേക്ക് ഓടിക്കൂടിയ ഇന്റർ ഡിഫൻഡർമാർക്കു നടുവിലൂടെ നേരേ വലതുവിങ്ങിലേക്ക് 90 ഡിഗ്രി ആംഗിളിലൊരു ക്രോസ്. മാർക്കു ചെയ്യാനാളില്ലാതെ നിന്ന അച്റഫ് ഹാക്കിമിയുടെ ഫസ്റ്റ് ടച്ച് നേരേ ഇന്ററിന്റെ വലയിൽ (1–0).
ഇന്ററിന്റെ പ്രതിരോധം കീറിമുറിച്ച ‘വിങ് മാറ്റ’ ശസ്ത്രക്രിയയിലൂടെയായിരുന്നു അടുത്ത ഗോളും. 20–ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ അടുത്ത മുന്നേറ്റം. ഉസ്മാൻ ഡെംബലെയുടെ ക്രോസ് വോളി വലതുവിങ്ങിലേക്ക്. ഡുവെയുടെ മിന്നൽ കിക്ക്. ഇന്റർ ഡിഫൻഡറുടെ കാലിലുരുമ്മി പന്തു വലയിൽ (2–0). ഈ 2 ഗോളുകളോടെ ഇന്ററിന്റെ കഥ കഴിഞ്ഞു. ഇന്റർ മാനസികമായി തകർന്നുപോയ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡുവെ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. അധികം വൈകാതെ ഹ്വിച്ച ക്വാററ്റ്സ്ഹെലി, സെന്നി മെയ്‌ലു എന്നിവർകൂടി ഗോൾ നേടിയതോടെ പിഎസ്ജിയുടെ ചരിത്രവിജയം പൂർണം (5–0).
ക്ലബ് ഫുട്ബോളിൽ 2 വ്യത്യസ്ത ടീമുകൾക്കൊപ്പം ട്രെബിൾ (ഒരു സീസണിൽ 3 മേജർ കിരീടങ്ങൾ നേടുന്നതാണ് ട്രെബിൾ) പൂർത്തിയാക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ലൂയി എൻറിക്വെ. ഇത്തവണ പിഎസ്ജിക്കൊപ്പം ട്രെബിൾ തികച്ച എൻറിക്വെ, 2015ൽ ബാർസിലോനയ്ക്കൊപ്പവും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ബാർസ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കൊപ്പം ട്രെബിൾ തികച്ച പെപ് ഗ്വാർഡിയോളയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ പരിശീലകൻ.