ഫ്രാൻസിനെതിരായ ത്രില്ലര്‍ പോരാട്ടം ജയിച്ച് സ്‌പെയിൻ, യമാലിന് ഡബിള്‍; ഫൈനലിൽ പോർച്ചുഗലിനെ നേരിടും

Mail This Article
മ്യൂണിക്ക് ∙ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്കു തോൽപ്പിച്ച് സ്‌പെയിൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. നിക്കോ വില്യംസ് (22 ാം മിനിറ്റ്), മിഖേൽ മെറീനോ (25), ലമീൻ യമാൽ (54, 67), പെദ്രി (55) എന്നിവരാണ് സ്‌പെയിനിനു വേണ്ടി ഗോൾ നേടിയത്. കിലിയൻ എംബപെ (59), റയാൻ ഷെർക്കി (79), റാൻഡൽ കൊളോ മുവാനി (90+3) എന്നിവരാണ് ഫ്രാൻസിനു വേണ്ടി ഗോൾ നേടിയത്.
84–ാം മിനിറ്റിൽ സ്‌പെയിൻ താരം ഡാനി വിവിയൻ ഓൺഗോൾ വഴങ്ങി. 8ന് നടക്കുന്ന ഫൈനലിൽ സ്‌പെയിൻ പോർച്ചുഗലിനെ നേരിടും. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയ സ്പെയിനിന്റെ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ. രണ്ടാം പകുതിയിൽ 55–ാം മിനിറ്റ് ആകുമ്പോഴേക്കും ഗോളെണ്ണം നാലാക്കി സ്പെയിന്‍ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചെന്നു കരുതിയപ്പോഴായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചടി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഫ്രാൻസ് നന്നായി പൊരുതിയെങ്കിലും സ്പാനിഷ് പ്രതിരോധം പിടിച്ചുനിന്നു. ഇതോടെ സ്കോർ 5–4ൽ നിൽക്കെ ഫൈനൽ വിസിൽ.
സെമി ഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. ഫ്രാൻസിസ്കോ കോൺസെയ്സാവോ (63 ാം മിനിറ്റ്), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (68 ാം മിനിറ്റ്) എന്നിവരാണ് പോർച്ചുഗലിനു വേണ്ടി ഗോൾ നേടിയത്. ഫ്ലോറിയൻ വെറ്റ്സാണ് ജർമനിയുടെ ഏക ഗോൾ നേടിയത്.
യുവേഫ നേഷൻസ് ലീഗ് രണ്ടു തവണ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിനരികെയാണ് പോർച്ചുഗൽ. 2019 ൽ യുവേഫ നേഷൻസ് ലീഗിന്റെ ആദ്യ സീസണിൽ നെതർലന്റ്സിനെ ഏകപക്ഷിയമായ ഒരു ഗോളിനു തോൽപ്പിച്ച് പോർച്ചുഗൽ കിരീടം ചൂടിയിരുന്നു.