ആഞ്ചലോട്ടിക്ക് സമനിലത്തുടക്കം

Mail This Article
സാവോ പോളോ∙ ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായുള്ള അരങ്ങേറ്റ മത്സരത്തിൽ കാർലോ ആഞ്ചലോട്ടിക്ക് സമനില. ഇക്വഡോറിനെതിരെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ആഞ്ചലോട്ടിയുടെ സംഘം ഗോൾരഹിത സമനില വഴങ്ങിയത്. പ്രതിരോധത്തിലൂന്നിയുള്ള ഗെയിം പ്ലാനാണ് ഇക്വഡോറിനെതിരായ ആദ്യ മത്സരത്തിൽ ആഞ്ചലോട്ടി നടപ്പാക്കിയത്. ഇതോടെ വിനീസ്യൂസ് ജൂനിയർ ഉൾപ്പെടെയുള്ള സ്ട്രൈക്കർമാരുമായി ഇറങ്ങിയിട്ടും മത്സരത്തിൽ ബ്രസീലിന് ആകെ തൊടുക്കാനായത് മൂന്ന് ഗോൾ ഷോട്ടുകൾ മാത്രം.
മറുവശത്ത് തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇക്വഡോർ 7 തവണ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തു. പന്തവകാശത്തിലും ഒരുപടി മുന്നിലായിരുന്ന ഇക്വഡോറിനായിരുന്നു മത്സരത്തിൽ മുൻതൂക്കം. മത്സരഫലത്തിൽ തൃപ്തനാണെന്നും അടുത്ത മത്സരത്തിൽ ടീം കൂടുതൽ ആക്രമിച്ചു കളിക്കുമെന്നും മത്സരശേഷം അറുപത്തിയഞ്ചുകാരൻ ആഞ്ചലോട്ടി പറഞ്ഞു. മറ്റൊരു മത്സരത്തിൽ അർജന്റീന 1–0ന് ചിലെയെ തോൽപിച്ചു. സമനിലയോടെ 24 പോയിന്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തേക്കുയർന്നു. 22 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. 34 പോയിന്റുമായി അർജന്റീനയാണ് ഒന്നാമത്.
ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, ദക്ഷിണ കൊറിയ ടീമുകൾക്ക് യോഗ്യത
അടുത്ത വർഷം യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, ദക്ഷിണ കൊറിയ ടീമുകൾ. ഉസ്ബെക്കിസ്ഥാനും ജോർദാനും ഇതാദ്യമായാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. ദക്ഷിണ കൊറിയ തുടർച്ചയായ 11–ാം തവണയും. ആകെ 48 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുക. ആതിഥേയ രാജ്യങ്ങൾക്ക് ഇതിനോടകം യോഗ്യത ലഭിച്ചിരുന്നു.