അലിയാൻസ് അരീനയിൽ പോർച്ചുഗീസ് വാഴ്ച; സ്പെയിനിന്റെ യുവനിരയെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി യുവേഫ നേഷൻസ് ലീഗ് ചാംപ്യൻമാർ – വിഡിയോ

Mail This Article
മ്യൂണിക്∙ ആവേശം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കടന്ന് പെനൽറ്റി ഷൂട്ടൗട്ടുവരെ കൂട്ടിനെത്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ യുവനിരയെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഗോൾകീപ്പർ ഡിയേഗോ കോസ്റ്റ കാവൽമാലാഖയായി അവതരിച്ച മത്സരത്തിൽ 5–3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ തടുത്തതാണ് നിർണായകമായത്.
പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. പോർച്ചുഗൽ നിരയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പാനിഷ് നിരയിൽ യുവതാരം ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. ആദ്യപകുതിയിൽ സ്പെയിൻ 2–1ന് മുന്നിലായിരുന്നു. 61–ാം മിനിറ്റിലാണ് റൊണാൾഡോ നിർണായക ഗോൾ നേടിയത്. യുവതാരം ന്യൂനോ മെൻഡസിന്റെ (26–ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21–ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45–ാം മിനിറ്റ്) എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്.
∙ ഗോളുകൾ വന്ന വഴി
ആക്രമണത്തിൽ പോർച്ചുഗലിനെ അപേക്ഷിച്ച് മേധാവിത്തം പുലർത്തിയ സ്പെയിനിന് അർഹിച്ച പ്രതിഫലമായി ആദ്യ ഗോളിലേക്ക് വഴിതുറന്നത് 21–ാം മിനിറ്റിൽ. സ്പെയിനിന്റെ മുന്നേറ്റത്തിനിടെ പന്ത് മാർട്ടിൻ സുബിമെൻഡിയിൽനിന്ന് വലതുവിങ്ങിൽ ലമീൻ യമാലിലേക്ക്. അപകടം മണത്ത് പോർച്ചുഗീസ് പ്രതിരോധം വളയും മുൻപേ യമാലിന്റെ ഷോട്ട് ബോക്സിനുള്ളിലേക്ക്. ഗോൾകീപ്പറും പ്രതിരോധവും തമ്മിലുള്ള ആശയക്കുഴപ്പത്തിനിടെ പന്ത് നേരെ ആളൊഴിഞ്ഞുനിന്ന സുബിമെൻഡിയിലേക്ക്. തുറന്ന പോസ്റ്റിലേക്ക് സുബിമെൻഡി പന്തു തട്ടിയിട്ടു. സ്കോർ 1–0.

സ്പെയിനിന്റെ ആഹ്ലാദത്തിന്റെ ആയുസ് വെറും അഞ്ച് മിനിറ്റ് മാത്രം. 26–ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടി ഉൾപ്പെട്ട നീക്കത്തിനൊടുവിൽ പെഡ്രോ നെറ്റോയിൽനിന്ന് പന്ത് ബോക്സിനു പുറത്ത് ന്യൂനോ മെൻഡസിലേക്ക്. സ്പാനിഷ് പ്രതിരോധത്തിനിടയിലെ വിള്ളൽ മുതലെടുത്ത് പന്തുമായി മുന്നോട്ടു കയറിയ മെൻഡസിന്റെ ഇടംകാൽ ഷോട്ട് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെ മറികടന്ന് നിലംപറ്റെ വലയിലേക്ക്. സ്കോർ 1–1.
സമനിലയുമായി ഇരു ടീമുകളും ഇടവേളയ്ക്കു കയറുമെന്ന് ഉറപ്പിച്ചിരിക്കെ മൈക്കൽ ഒയാർസബാലിലൂടെ സ്പെയിൻ വീണ്ടും മുന്നിൽ. ഇത്തവണ കളിക്കു പ്രായം 45 മിനിറ്റ്. പോർച്ചുഗൽ ബോക്സിനു സമീപം ഒയാർസബാലിനെ ലക്ഷ്യമിട്ട് പെഡ്രിയുടെ തകർപ്പൻ ത്രൂബോൾ. പന്ത് കാലിൽക്കൊരുത്ത്, തടയാനെത്തിയ പോർച്ചുഗീസ് ഡിഫൻഡറെയും വെട്ടിയൊഴിഞ്ഞ് ഒയാർസബാലിന്റെ ഷോട്ട് ഗോൾകീപ്പർ ഡിയേഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്കോർ 2–1.
ഏതുവിധേനയും ഗോൾ തിരിച്ചടിക്കാനുള്ള ആവേശത്തോടെ പോർച്ചുഗൽ കടുത്ത പോരാട്ടം കാഴ്ചവച്ചതോടെ രണ്ടാം പകുതിയുടെ തുടക്കം ആവേശകരമായി. ഇതിനിടെ ബ്രൂണോ ഫെർണാണ്ടസിലൂടെ പോർച്ചുഗൽ സമനിലഗോൾ നേടിയെന്നു തോന്നിച്ചെങ്കിലും അത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. ഇതിനു പിന്നാലെ 61–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ രക്ഷകനായത്. ഒരിക്കൽക്കൂടി ഗോളിലേക്ക് വഴിതുറന്നത് വലതുവിങ്ങിൽ പറന്നുകളിച്ച ന്യൂനോ മെൻഡസ്. ലമീൻ യമാലിന്റെ പ്രതിരോധം പൊളിച്ച് മുന്നോട്ടുകയറിയെത്തിയ മെൻഡസ് പന്ത് ബോക്സിലേക്ക് മറിച്ചു. സ്പാനിഷ് താരത്തിന്റെ ദേഹത്തുതട്ടി ഉയർന്നുപൊങ്ങിയ പന്തിൽ ക്ലോസ് റേഞ്ചിൽനിന്ന് റൊണാൾഡോയുടെ തകർപ്പൻ ഫിനിഷ്. സ്കോർ 2–2.