ഫ്രഞ്ചാസ്റ്റിക്, നേഷൻസ് ലീഗിൽ ഫ്രാൻസിനു 3–ാം സ്ഥാനം; എംബപെയ്ക്കും ഒലീസെയ്ക്കും ഗോൾ

Mail This Article
സ്റ്റുട്ഗർട്ട് (ജർമനി) ∙ കിലിയൻ എംബപ്പെയെ ഒരിക്കലും നിസ്സാരനായി കാണരുത്; അതു പെനൽറ്റി ഏരിയയ്ക്ക് ഉള്ളിലാണെങ്കിലും പുറത്താണെങ്കിലും! അതാണ് ഈ കളിയുടെ ‘മോറൽ ഓഫ് ദ് സ്റ്റോറി!’ ബോക്സിനുള്ളിലും പുറത്തും എംബപെ വിശ്വരൂപം പൂണ്ടപ്പോൾ, യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ജർമനിക്കു തോൽവി. ഒരു ഗോൾ നേടിയ ക്യാപ്റ്റൻ എംബപെ, രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു. സ്കോർ: ഫ്രാൻസ് –2, ജർമനി–0.
45–ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്ന് എംബപെ നേടിയ ഗോളിൽ ഫ്രാൻസ് മുന്നിലെത്തി. 84–ാം മിനിറ്റിൽ മൈതാനപ്പകുതിയിൽനിന്നു ലഭിച്ച പന്തുമായി മുന്നേറിയ എംബപെ ബോക്സിനുള്ളിൽവച്ച് മറിച്ചു നൽകിയ പന്ത് അനായാസം വലയിലേക്കു തട്ടിയിട്ട് മൈക്കൽ ഒലീസെ രണ്ടാം ഗോളും നേടി. സ്വന്തം കാണികളുടെ മുന്നിൽ, സെമിയിൽ പോർച്ചുഗലിനോടേറ്റ വമ്പൻ തോൽവിയുടെ ക്ഷീണം മറക്കാൻ കരുതിയിറങ്ങിയ ജർമനിയെയാണ് ഫ്രാൻസ് നിസ്സാരരാക്കി പറഞ്ഞയച്ചത്.
കളിയിൽ പന്തവകാശത്തിലും ആക്രമണത്തിലും മുന്നിൽ ജർമനിയായിരുന്നു. മികച്ച പാസുകളിലൂടെ അവർ കളിയിലേറെ സമയവും പന്തു തങ്ങൾക്കൊപ്പമാക്കി വച്ചെങ്കിലും ഫ്രാൻസിന്റെ മറുപടി അവരുടെ കരുത്തുറ്റ പ്രതിരോധമായിരുന്നു. ജർമനിയുടെ മികച്ച നീക്കങ്ങളെല്ലാം ഫ്രാൻസിന്റെ പ്രതിരോധത്തിൽ തട്ടി പൊലിഞ്ഞു.
ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് എംബപെയുടെ ആദ്യ ഗോൾ വന്നത്. മധ്യനിരയിൽനിന്ന് ഔറേലിയൻ ടുച്ചാമെനിയുടെ ഹൈബോൾ നേരേ കിട്ടിയത് എംബപെയ്ക്ക്. പന്തു കണക്ട് ചെയ്ത എംബപെയുടെ ഷോട്ട് തടയാൻ 4 ജർമൻ താരങ്ങൾ ബോക്സിലുണ്ടായിരുന്നു. എന്നാൽ, അവരെയെല്ലാം നിഷ്പ്രഭമാക്കിയ ഷോട്ട് ജർമൻ ഗോളി ആന്ദ്രെ ടെർ സ്റ്റെഗാന്റെ ഗ്ലൗസിലുരുമ്മി വലയിൽ കയറി (1–0).
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമനി ഗോൾ തിരിച്ചടിച്ചെന്നു കരുതിയതാണ്. വിഎഫ്ബി സ്റ്റുട്ഗർട്ട് താരം ഡെനിസ് ഉൻഡവിന്റെ ഷോട്ട് വലയിൽ കയറിയെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. കളി തീരാൻ 6 മിനിറ്റുള്ളപ്പോൾ, ഫ്രഞ്ച് ബോക്സിൽനിന്നുള്ള പന്ത് മധ്യനിരയിലേക്കു വന്നതു വരുതിയിലാക്കാൻ ജർമൻ താരങ്ങൾക്കു സാധിച്ചില്ല. പന്തു കിട്ടിയ എംബപെ കൗണ്ടർ അറ്റാക്കിനു പറ്റിയ വേഗത്തിൽ കുതിച്ചു. ഇടതുവിങ്ങിലൂടെ ബോക്സിൽ കയറിയ എംബപെ ഗോളിക്കു തൊട്ടുമുന്നിൽനിന്നു പന്ത് വലത്തേക്കു മറിച്ചു. ഓടിയെത്തിയ മൈക്കൽ ഒലീസെയുടെ സിംഗിൾ ടച്ചിൽ പന്തു വലയിലായി (2–0).
എംബപെയ്ക്ക് 50 ഗോൾ
യുവേഫ നേഷൻസ് ലീഗ് 3–ാം സ്ഥാന മത്സരത്തിൽ ജർമനിക്കെതിരെ സ്കോർ ചെയ്തതോടെ കിലിയൻ എംബപെയുടെ ഗോൾ നേട്ടം 50 ആയി. ഫ്രാൻസിന്റെ എക്കാലത്തെയും ഗോൾ സ്കോറർമാരിൽ 3–ാം സ്ഥാനത്താണ് ഇപ്പോൾ ഇരുപത്തിയാറുകാരൻ എംബപെ. രണ്ടാം സ്ഥാനത്തുള്ള തിയറി ഒൻറിക്ക് 51 ഗോൾ. 57 ഗോളുകളുമായി ഒളിവർ ജിറൂദാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ജർമനിക്കെതിരെ ഫ്രാൻസ് സ്ട്രൈക്കർ കിലിയൻ എംബപെ (ജഴ്സി നമ്പർ 10) ഗോൾ നേടുന്നു. ജർമൻ ഗോളി മാർക് ആന്ദ്രെ ടെർസ്റ്റെഗൻ, ജോഷ്വ കിമ്മിച്ച് (6), ലിയോൺ ഗോരെറ്റ്സ്ക (8), റോബിൻ കോച്ച് (3), ഫ്രാൻസ് താരം അഡ്രിയൻ ഹാബിയോ (14) എന്നിവരെയും കാണാം.