പെലെ, സിദാൻ, മെസ്സി തുടങ്ങിയ ‘ജന്മസിദ്ധി’ യുള്ള കളിക്കാരിൽനിന്നും വ്യത്യസ്തൻ; സിആർ7 എന്ന ഏഴാമത്തെ അദ്ഭുതം!

Mail This Article
സ്വയം തീർത്ത പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം പരിശീലിക്കുക വഴിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഏഴാംനമ്പർ താരം ലോകത്തിലെ മികച്ച കളിക്കാരൻ എന്ന പേരിനർഹനായത്. ഒരു ഗോളിനു മുന്നിട്ടുനിന്ന സ്പെയിനെതിരെ ക്ലോസ് റേഞ്ചിൽനിന്ന് നേടിയ ഗോൾ റൊണാൾഡോയുടെ അസാധാരണമായ കഴിവ് മാത്രമല്ല, ഏതു സമ്മർദത്തെയും അതിജീവിക്കാനുള്ള മനോനിലകൂടി വ്യക്തമാക്കുന്നു.– പ്രശസ്ത കഥാകൃത്തായ ലേഖകൻ വിലയിരുത്തുന്നു...
യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ തുറന്നുവച്ച പുസ്തകം കണക്കെ കൈകൾ ചേർത്തുപിടിച്ച് മൈതാനത്തിനു പുറത്തിരുന്ന് പ്രാർഥിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ദൃശ്യം കാണാം. കാൽപന്തിൽ പ്രാർഥനയുടെ സ്ഥാനമെന്തെന്ന് ഒരാൾക്കു സ്വാഭാവികമായും സംശയിക്കാം.
ഏറെപ്പേരും കുരിശു വരച്ചോ ഭൂമിയിൽ ചുംബിച്ചോ ആകാശത്തേക്കു മുഖമുയർത്തിയോ തങ്ങളുടെ നന്ദി അറിയിക്കാറുണ്ട്. ‘ദൈവത്തിന്റെ കൈ’ കാലുകളിലേക്കു തരുന്ന ഊർജത്തിൽ റൊണാൾഡോ വിശ്വസിക്കുമ്പോഴും താൻ എന്ന പാതി ചെയ്യേണ്ടുന്ന കർമത്തെക്കുറിച്ച് ബോധ്യവുമുണ്ട്. പെലെ, സിദാൻ, മെസ്സി തുടങ്ങിയ ‘ജന്മസിദ്ധി’ യുള്ള കളിക്കാരിൽനിന്നും റൊണാൾഡോ പൂർണമായും വ്യത്യസ്തനാണ്. ഈ ബോധ്യം നന്നായി അറിയുന്നയാളുമാണ് അദ്ദേഹം.
സഹകളിക്കാർക്കു മുൻപേ വന്ന് പ്രാക്ടീസ് ചെയ്യുക, പ്രാക്ടീസ് കഴിഞ്ഞാലും മൈതാനം വിടാതെ ശരീരത്തെ അടക്കം വരുത്തുക തുടങ്ങി ഒരർഥത്തിൽ സ്വയം തീർത്ത പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം പരിശീലിക്കുക വഴിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ മികച്ച കളിക്കാരൻ എന്ന പേരിനർഹനായത്.
റൊണാൾഡോയും മെസ്സിയും കളിക്കുമ്പോൾ അധികം പേരും ഇവരിലേക്കു മാത്രമായി ശ്രദ്ധകൂർപ്പിക്കാറുണ്ട്. 22 കളിക്കാർക്കിടയിൽ ഒറ്റയാനായി വാഴുന്നതിലെ മികവ് റൊണാൾഡോ കാലമിത്രയുംകൊണ്ടു പരിശ്രമിച്ചു നേടിയതു തന്നെയാണ്. നേഷൻസ് ലീഗ് ഫൈനലിൽ റൊണാൾഡോ– ലമീൻ യമാൽ മുഖാമുഖം എങ്ങനെയായിരിക്കും എന്നായിരുന്നു മാധ്യമങ്ങൾ കൗതുകത്തോടെ എഴുതിയത്. 40 വയസ്സും 17 വയസ്സും എന്ന വ്യത്യാസം ഈ കൗതുകത്തിലെ പ്രധാന മേമ്പൊടിയുമായിരുന്നു.
എന്നാൽ, ഒരു ഗോളിനു മുന്നിട്ടുനിന്ന സ്പെയിനെതിരെ ക്ലോസ് റേഞ്ചിൽനിന്നുള്ള വോളിയിൽ നേടിയ ഗോൾ റൊണാൾഡോയുടെ അസാധാരണമായ കഴിവ് മാത്രമല്ല, ഏതു സമ്മർദത്തെയും അതിജീവിക്കുവാനുള്ള മനോനിലകൂടി ഉദാഹരിക്കുന്നതാണ്. യാമാലിന്റെ കൗമാരയൂറ്റം എന്തുകൊണ്ടോ അത്രയൊന്നും കളിയിൽ പ്രകാശിച്ച് കണ്ടില്ല. എന്നാലോ, കാലമിതുവരെ സ്വാംശീകരിച്ച അനുഭവം മൈതാനത്തിൽ പ്രകടിപ്പിക്കുവാൻ റൊണാൾഡോയ്ക്കു കഴിയുകയും ചെയ്തു.
റൊണാൾഡോ– യമാൽ തുലനത്തിൽ റൊണാൾഡോയുടെ തട്ട് തന്നെയാവും താഴ്ന്നിരിക്കുകയെന്ന് കഴിഞ്ഞ കളിയിൽനിന്ന് വ്യക്തമാവും. യമാൽ തീർച്ചയായും അസാധാരണ പ്രതിഭതന്നെയാണ്. മെസ്സിയുടെയും മറഡോണയുടെയും മറ്റുമുള്ള ‘ജന്മസിദ്ധി’ക്കളിക്കാരുടെ നിരയിൽ ഇടമുള്ളയാൾ.
2009 മുതൽ 2018 വരെ റയൽ മഡ്രിഡിലായിരുന്നു റൊണാൾഡോ കളിച്ചത്. 438 കളികളിൽനിന്നു നേടിയത് 450 ഗോളുകൾ! റൊണാൾഡോയെ ഒരു ഗോളടി യന്ത്രമായി കാണുന്നവരുണ്ട്. ഒരു കൂറ്റൻ കാളയെപ്പോലെ മുക്രയിട്ട് ഗോൾമുഖത്തേക്കു പായുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ടിനെ കാണുമ്പോൾ ശാരീരിക ബലവും വേഗവും റൊണാൾഡോയുടെ ഭയമില്ലായ്മയെ ഓർമിപ്പിക്കും.
എന്നാൽ, ഇതേസമയം ഗോളുകൾ വീഴ്ത്തുന്നതിൽ മിടുക്കനായ, ഇപ്പോൾ ബയൺ മ്യൂണിക്കിന്റെ ഹാരി കെയ്നിനെ കാണുമ്പോഴോ? തിരുവസ്ത്രം അണിയേണ്ട ഒരു ചെറുപ്പക്കാരൻ വഴിതെറ്റി കളിക്കാരനായിപ്പോയല്ലോ എന്നൊരാൾ അദ്ഭുതപ്പെട്ടാൽ മറുത്തൊന്നും പറയാനാവില്ല.
റൊണാൾഡോയിലേക്കു നോക്കുക: ഓരോ ഗോളടിയും യഥാസ്ഥാനത്തെത്തുമ്പോൾ മൈതാനത്തിനരികിലേക്ക് ഓടി ഉയർന്നുചാടി പുൽമൈതാനത്ത് ഒരു ഇരയെ വീഴ്ത്തിയ ക്രൗര്യത്തോടെ നിപതിക്കുന്നതിൽ കാണാം, ആ ഉടലിൽ ആവേശിച്ചിരിക്കുന്ന ‘ഞാൻ’ എത്രയുണ്ട് എന്നത്. അതിലൊരു മദപ്പാടുണ്ട്. ഹാളണ്ടിലും അതു കാണാം. മെസ്സിയിലാവട്ടെ ഒരു മുയൽ മട്ടും.
റൊണാൾഡോയിൽ ഏറിയും കുറഞ്ഞുമല്ല ഏറിത്തന്നെയാണ് ‘ഞാൻ’ എന്ന ഭാവമുള്ളത്. സ്വപരിശ്രമത്തിലൂടെ നേടിയെടുത്ത വിജയങ്ങൾ എന്ന നിലയിൽത്തന്നെയാണ് ഓരോ കളി വിജയത്തെയും അദ്ദേഹം കാണുന്നത്. എന്നാൽ ഇതേ റൊണാൾഡോയാവട്ടെ അതിവൈകാരികമാവുന്ന നിമിഷങ്ങൾ അനവധിയുണ്ട്.
സ്ലൊവേനിയയുമായുള്ള കളിയിൽ പെനൽറ്റി പാഴാക്കിയപ്പോൾ റൊണാൾഡോ കുട്ടികളെപ്പോലെ മൈതാനത്തു നിന്ന് കരഞ്ഞത് നാം കണ്ടതാണ്. ബയൺ മ്യൂണിക്കിലെ പഴയതാരം ഡിഡി ഹാമൻ ‘ലജ്ജിപ്പിക്കുന്നത്’ എന്നാണ് ഇതുകണ്ട് പറഞ്ഞത്. അതുമാത്രമല്ല, റൊണാൾഡോ തൻകാര്യം മാത്രം നോക്കുന്നവനാണന്നും പറഞ്ഞു.
2020 യൂറോകപ്പിലെ പത്രസമ്മേളനത്തിലാണ് മുന്നിലിരുന്ന കോളയുടെ കുപ്പികൾ റൊണാൾഡോ മാറ്റിവച്ചത്. ആ ഒറ്റ മാറ്റലിൽ 400 കോടി ഡോളറിന്റെ ഇടിവാണ് ആ കോളക്കമ്പനിക്ക് ഉണ്ടായത്. ചിട്ടയായ ജീവിതത്തിന് ആവശ്യമായതെന്തോ അതുമാത്രം കഴിക്കുക, രക്തം ദാനം ചെയ്യുക (രക്തം മുഷിയുമെന്നതുകൊണ്ടാണ് ടാറ്റൂ ചെയ്യാതിരിക്കുന്നത്) ഇങ്ങനെ ക്രമബദ്ധമായി ജീവിച്ചുകൊണ്ട് കാൽപന്തുകളിയുടെ നിറുകയിൽ നിൽക്കുക എന്നതുമാത്രമാണ് ഈ പ്രായത്തിലും റൊണാൾഡോ ആഗ്രഹിക്കുന്നത് എന്നത് ആരെയും അതിശയിപ്പിക്കും.
റൊണാൾഡോയിൽനിന്ന് ഒരാൾക്കു പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇത് മാത്രമാണ്: ജന്മസിദ്ധിയെക്കാൾ നിങ്ങൾക്കു നിതാന്ത പരിശ്രമത്തിലൂടെ ലോകത്തിലെ വിജയിയാവാം. ഇതിനർഥം റൊണാൾഡോ കഴിവു കുറഞ്ഞ ഒരു കളിക്കാരനായിരുന്നു എന്നല്ല. തനിക്കു ലഭിച്ച കഴിവിനെ അദ്ദേഹം ആലയിൽ ഊതിയൂതി തിളക്കി നിർത്തി. മൂർച്ചയും വെട്ടവും ഒന്നിച്ച ഒരു മടവാളുപോലെ!