88–ാം മിനിറ്റിൽ ഡിബ്രുയ്നെയുടെ വിജയഗോൾ; ത്രില്ലർ പോരാട്ടത്തിൽ വെയിൽസിനെ 4–3ന് തോൽപിച്ച് ബൽജിയം

Mail This Article
ബ്രസൽസ്∙ കളിക്കുന്നതു ക്ലബ്ബിനു വേണ്ടിയാണെങ്കിലും രാജ്യത്തിനു വേണ്ടിയാണെങ്കിലും നിർണായക ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന പതിവ് കെവിൻ ഡിബ്രുയ്നെ ഇത്തവണയും തെറ്റിച്ചില്ല. ഡിബ്രുയ്നെയുടെ അവസാന മിനിറ്റ് ഗോളിൽ, 2026 ഫുട്ബോൾ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ വെയിൽസിനെതിരെ ബൽജിയത്തിന് 4–3ന്റെ ആവേശ ജയം.
ആദ്യ 30 മിനിറ്റിനുള്ളിൽ 3 ഗോളുകൾ നേടി ബൽജിയം കരുത്തു കാട്ടിയതോടെ മത്സരം ഏകപക്ഷീയമായി അവസാനിക്കുമെന്നു തോന്നിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച വെയിൽസ് 3–3ന് ഒപ്പമെത്തി. ഇതോടെ കളി സമനിലയിൽ അവസാനിക്കുമെന്നു കരുതിയ ഘട്ടത്തിലാണ്, ഡിബ്രുയ്നെ (88–ാം മിനിറ്റ്) ബൽജിയത്തിന്റെ വിജയ നായകനായി മാറിയത്.
യോഗ്യതാ റൗണ്ടിലെ മറ്റു പ്രധാന മത്സരങ്ങളിൽ ക്രൊയേഷ്യ 5–1ന് ചെക്ക് റിപ്പബ്ലിക്കിനെയും ഇറ്റലി 2–0ന് മോൾഡോവയെയും നോർവേ 1–0ന് എസ്റ്റോനിയയെയും തോൽപിച്ചു.