ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി ഹോങ്കോങ്; നിരാശ തുടരും!

Mail This Article
കൗലൂൺ (ഹോങ്കോങ്) ∙ കളം മാറിയിട്ടും എതിരാളികൾ മാറിയിട്ടും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളിയിൽ മാത്രം മാറ്റമില്ല! ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനോട് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 1–0ന്റെ തോൽവി. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച സ്റ്റെഫാൻ പെരേരെയാണ് (90+4) ഹോങ്കോങ്ങിന്റെ വിജയശിൽപി. തോൽവിയോടെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 133–ാം സ്ഥാനത്തേക്ക് വീണു.
ആദ്യ പകുതിയിൽ കളം നിറഞ്ഞു കളിച്ച ഇന്ത്യ തുടക്കത്തിൽ തന്നെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. ലീഡ് നേടാൻ ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ഇന്ത്യൻ താരങ്ങൾക്കു സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും ബലാബലം നിന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ചെങ്കിലും ഇൻജറി ടൈമിൽ ഹോങ്കോങ് താരം മൈക്കുൽ ഓഡേബൂലോസറിനെ ബോക്സിനുള്ളിൽ വച്ച് ഇന്ത്യൻ ഗോൾ കീപ്പർ വിശാൽ കെയ്ത്ത് ഫൗൾ ചെയ്തത് വിനയായി. ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ച പെരേര, ആതിഥേയർക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചു.
തോൽവിയോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്തേക്കു വീണു. ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഇനി ഫൈനൽ റൗണ്ട് പ്രതീക്ഷയുള്ളൂ. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക.