‘വാടകയ്ക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കാൻ ശ്രമം’; കൊച്ചിയിലെ വനിതാ ഫുട്ബോൾ അക്കാദമി പൂട്ടുന്നത് ഒഴിവാക്കാൻ ശ്രമം

Mail This Article
കൊച്ചി ∙ പനമ്പിള്ളി നഗറിലെ അണ്ടർ 14 വനിത ഫുട്ബോൾ അക്കാദമി അടച്ചു പൂട്ടുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർ ശ്രമം തുടങ്ങി. അക്കാദമിയിൽ പരിശീലനം നടത്തുന്ന കുട്ടികളെ താമസിപ്പിക്കാനായി വാടകയ്ക്കു ഹോസ്റ്റൽ കെട്ടിടം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഹോസ്റ്റൽ കെട്ടിടം പൂട്ടിയതിനെത്തുടർന്ന് വനിത ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനം നിലച്ചത് ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
അക്കാദമി പൂട്ടാനുള്ള ആലോചനയില്ലെന്നു ഷറഫലി പറഞ്ഞു. എറണാകുളം എസ്ആർവി സ്കൂളിൽ വിദ്യാർഥികൾക്കുള്ള താമസസൗകര്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണു നിലവിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ വാടകക്കരാർ പുതുക്കാതിരുന്നത്. എന്നാൽ, ഈ വാഗ്ദാനത്തിൽനിന്ന് സ്കൂൾ അധികൃതർ പിന്നീട് പിന്മാറി.
75,000 രൂപയാണു പ്രതിമാസം വാടകയായി നൽകിയിരുന്നത്. സ്കൂൾ പ്രവർത്തിക്കുന്ന ജൂൺ മുതൽ മാർച്ച് വരെയുള്ള 10 മാസത്തെ വാടക മാത്രമേ നൽകാൻ വ്യവസ്ഥയുള്ളൂ. നിലവിൽ അക്കാദമിയിൽ പരിശീലനം നേടുന്ന കുട്ടികൾക്കു താൽപര്യമുണ്ടെങ്കിൽ കൗൺസിലിന്റെ മറ്റു ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളിലേക്കു മാറ്റം അനുവദിക്കുമെന്നും ഷറഫലി പറഞ്ഞു.
അതേസമയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ തലതിരിഞ്ഞ ഭരണ പരിഷ്കാരമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായതെന്ന് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി.ശ്രീനിജിൻ കുറ്റപ്പെടുത്തി. ‘10 മാസത്തെ വാടക മാത്രമേ നൽകൂവെന്ന നിലപാടെടുത്താൽ ഹോസ്റ്റലിനായി ആരും കെട്ടിടം വാടകയ്ക്കു തരില്ല. നിലവിലെ കെട്ടിടം ഒഴിയേണ്ടി വന്നത് അതുകൊണ്ടാണ്’.