യുവന്റസിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി, ക്ലബ്ബ് ലോകകപ്പിൽ റയല്‍ മഡ്രിഡിനും വിജയം

Mail This Article
ഫിലഡൽഫിയ∙ ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മഡ്രിഡും ജയിച്ചുകയറി. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനെതിരെ മാഞ്ചസ്റ്റർ സിറ്റി 5–2ന്റെ വിജയമാണു നേടിയത്. ജെറമി ദോകു (ഒൻപതാം മിനിറ്റ്), എർലിങ് ഹാളണ്ട് (52), ഫില്‍ ഫോഡന്‍ (69), സാവിഞ്ഞോ (75) എന്നിവരാണ് സിറ്റിയുടെ ഗോൾ സ്കോറർമാര്‍. 26–ാം മിനിറ്റിൽ യുവന്റസ് താരം പിയറി കലുലുവിന്റെ സെൽഫ് ഗോൾ സിറ്റിയുടെ ഗോളെണ്ണം അഞ്ചാക്കി ഉയർത്തി.
യുവന്റസിനായി ടെൻ കൂപ്മെനേഴ്സും (11), ദുസാൻ വ്ലാഹോവികും (84) ഗോളുകൾ നേടി. പ്രീക്വാർട്ടറിൽ അൽ ഹിലാലാണ് സിറ്റിയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ റയൽ മഡ്രിഡ് ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ചിരുന്നു. വിനീഷ്യസ് ജൂനിയർ (40), ഫെദറികോ വാൽവെർദെ (45+3), ഗോൺസാലോ ഗാർഷ്യ (84) എന്നിവർ റയലിനായി ഗോൾ നേടി.
അൽ ഹിലാൽ പച്ചുകയെ 2–0നും അൽ എയ്ൻ വൈദാദ് എസിയെ 2–1നും തോൽപിച്ചു. പ്രീക്വാർട്ടറിൽ യുവന്റസാണ് റയൽ മഡ്രിഡിന്റെ എതിരാളികൾ. ചെൽസി ബെൻഫിക്കയെ നേരിടും. പിഎസ്ജിയും ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും ഏറ്റുമുട്ടും. ജർമൻ ക്ലബ്ബ് ബയൺ മ്യൂണിക് ഫ്ലമിംഗോയെ നേരിടും.