ക്ലബ് ലോകകപ്പിൽ ഇനി നോക്കൗട്ട് ആവേശം; അവസാന 16ൽ നാലും ബ്രസീലിയൻ ക്ലബുകൾ, റയലിന് എതിരാളി യുവന്റസ്

Mail This Article
വാഷിങ്ടൻ ∙ ക്ലബ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. ഗ്രൂപ്പ് റൗണ്ടിൽനിന്നു നോക്കൗട്ടിലേക്ക് എത്തിയതോടെ മത്സരങ്ങൾക്ക് ആവേശം ഇരട്ടിച്ചു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡും ഇറ്റാലിയൻ ക്ലബ് യുവന്റസും തമ്മിലുള്ള മത്സരമാണു പ്രീക്വാർട്ടറിൽ ഏറ്റവും ശ്രദ്ധേയം. ലയണൽ മെസ്സിയുടെ ക്ലബ് ഇന്റർ മയാമി മെസ്സിയുടെ മുൻ ക്ലബ്ബും ചാംപ്യൻസ് ലീഗ് ജേതാക്കളുമായ പിഎസ്ജിയെ നേരിടുന്ന മത്സരത്തിനും ആവേശമേറും.
ഇംഗ്ലിഷ് ക്ലബ് ചെൽസിക്ക് എതിരാളികൾ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയാണ്. മറ്റു പ്രധാന ക്ലബ്ബുകൾക്കെല്ലാം താരതമ്യേന ചെറിയ എതിരാളികളാണ്.
∙ പാൽമിയറാസ് –ബൊട്ടഫാഗോ
ക്ലബ് ലോകകപ്പിലെ 32 ടീമുകൾ പതിനാറിലേക്കു ചുരുങ്ങിയപ്പോൾ 4 ബ്രസീൽ ക്ലബ്ബുകളാണ് അതിലുൾപ്പെട്ടത്. ലാറ്റിനമേരിക്കൻ അയൽക്കാരായ അർജന്റീനയിലെ രണ്ടു ക്ലബ്ബുകൾ നോക്കൗട്ട് കാണാതെ പുറത്തായപ്പോഴാണ് ബ്രസീലിൽനിന്നുള്ള പാൽമിയറാസ്, ബൊട്ടഫാഗോ, ഫ്ലൂമിനൻസെ, ഫ്ലമൻഗോ എന്നീ ടീമുകൾ നോക്കൗട്ടിലെത്തിയത്. അതിൽ 2 ടീമുകൾ – പാൽമിയറാസും ബൊട്ടഫാഗോയും – ഇന്നു രാത്രി 9.30ന് നേർക്കുനേർ.
ഗ്രൂപ്പ് എ ചാംപ്യന്മാരായാണ് പാൽമിയറാസ് പ്രീക്വാർട്ടറിൽ കടന്നത്. ഇന്റർ മയാമി, എഫ്സി പോർട്ടോ എന്നിവയ്ക്കെതിരെ സമനിലയും അൽ അഹ്‌ലിക്കെതിരെ ജയവും നേടിയാണു ബ്രസീൽ ക്ലബ് നോക്കൗട്ടിലേക്കു വരുന്നത്. മറുവശത്ത് യൂറോപ്യൻ ചാംപ്യന്മാരായ പിഎസ്ജിയെ വീഴ്ത്തിയതോടെ താരപ്രഭയിലാണ് ബൊട്ടഫാഗോ. സമീപകാല ഫോമിൽ ബൊട്ടഫാഗോയാണു മുന്നിലെങ്കിലും രാജ്യാന്തര മത്സര പരിചയത്തിൽ പാൽമിയറാസിനാണു മുൻതൂക്കം.
∙ പിഎസ്ജി – ഇന്റർ മയാമി
ചാംപ്യൻസ് ലീഗിനു പിന്നാലെ മറ്റൊരു കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിക്കു േചരുന്ന എതിരാളികളാണോ ഇന്റർ മയാമി എന്നു സംശയിച്ചേക്കാം. പക്ഷേ, ഗ്രൂപ്പ് റൗണ്ടിൽ കഴിഞ്ഞ ദിവസം ബ്രസീൽ ക്ലബ് ബൊട്ടഫാഗോയോട് 1–0നു തോറ്റതോടെ പിഎസ്ജിയുടെ കരുത്തിൽ ആരാധകർക്ക് അൽപമൊരു ആശങ്കയായി. മറുവശത്ത് ഇന്റർ മയാമിക്ക് അവകാശ വാദങ്ങളൊന്നുമില്ല.
മൈതാനത്തു വെറുതെ നിൽക്കുന്ന ലയണൽ മെസ്സിയെയും പേടിക്കണമെന്ന ചൊല്ലിൽ മാത്രമാണ് ആരാധകർക്കു പ്രതീക്ഷ. പ്രമുഖ താരങ്ങളെല്ലാം കളത്തിലുണ്ടെന്നതു പിഎസ്ജിക്കു പ്രതീക്ഷയാണ്. എന്നാൽ, മയാമിയുടെ വെറ്ററൻ താരനിരയുടെ മത്സര പരിചയത്തെ പിഎസ്ജിയുടെ യുവനിര അൽപമൊന്നു പേടിച്ചേ മതിയാകൂ.
∙ റയൽ മഡ്രിഡ് – യുവന്റസ്
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ, ആർബി സാൽസ്ബർഗിനെ 3–0ന് തോൽപിച്ചാണു റയൽ മഡ്രിഡ് പ്രീക്വാർട്ടറിനൊരുങ്ങുന്നത്. വിനീസ്യൂസ് ജൂനിയർ (40), ഫെഡറിക്കോ വാൽവെർദെ (45+3), ഗോൺസാലോ ഗാർഷ്യ (84) എന്നിവർ നേടിയ ഗോളുകളിലായിരുന്നു റയൽ വിജയം. ഗ്രൂപ്പ് എച്ച് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ റയലിനെ കാത്തിരിക്കുന്ന യുവന്റസിന് ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 5–2ന്റെ വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 5–ാം മിനിറ്റിൽ ജെറമി ഡോകു ഗോളടിച്ചു തുടങ്ങിയ സിറ്റിയുടെ അക്കൗണ്ടിലേക്ക് 26–ാം മിനിറ്റിൽ യുവന്റസ് താരം പിയറി കാലുലുവിന്റെ സെൽഫ് ഗോളും വന്നു.
എർലിങ് ഹാളണ്ട് (52), ഫിൽ ഫോഡൻ (69), സാവിഞ്ഞോ (75) എന്നിവരും സിറ്റിക്കായി ഗോൾ നേടി. 11–ാം മിനിറ്റിൽ ടിയുൺ കൂപ്മെയ്നേഴ്സ്, ദുസാൻ വ്ലാഹോവിച്ച് (84) എന്നിവർ നേടിയ ഗോളുകൾ യുവന്റസിന് ആശ്വാസത്തിന്റേതായി. ക്ലബ് ലോകകപ്പിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന മത്സരമാകും റയൽ – യുവന്റസ് മുഖാമുഖം. സമീപകാലത്ത് 5 തവണ റയലും യുവന്റസും നേർക്കുനേർ വന്നപ്പോൾ 3 വട്ടം റയലും 2 തവണ യുവന്റസുമാണു ജയിച്ചത്.
∙ സിറ്റിക്ക് ഈസി
സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റിയുടേതാണ് പ്രീക്വാർട്ടറിലെ ഏറ്റവും ആയാസരഹിതമായ മത്സരം. യുവന്റസിനെ വൻ മാർജിനിൽ തോൽപിച്ചെത്തുന്ന മാൻ. സിറ്റിക്ക് സൗദി ക്ലബ് ചേരുന്ന എതിരാളികളാകുമോ എന്നു സംശയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അൽ ഹിലാൽ 2–0ന് മെക്സിക്കൻ ക്ലബ് പച്ചൂക്കയെ തോൽപിച്ചിരുന്നു.
ക്ലബ് ലോകകപ്പിൽ സൗദി ക്ലബ്ബിന്റെ ആദ്യ വിജയമാണിത്. ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ബ്രസീൽ ക്ലബ് ഫ്ലൂമിനൻസെ വെല്ലുവിളി ഉയർത്തിയേക്കാം. മറ്റൊരു ബ്രസീൽ ക്ലബ് ഫ്ലമൻഗോയുടെ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടിയാണ് പ്രീക്വാർട്ടറിലെ എതിരാളികളായ ജർമൻ ക്ലബ് ബയൺ മ്യൂണിക്.
∙ മത്സര ഷെഡ്യൂൾ ഇങ്ങനെ
ഇന്നു രാത്രി 9.30: പാൽമിയറാസ് – ബൊട്ടഫാഗോ
ഞായർ പുലർച്ചെ 1.30: ബെൻഫിക്ക – ചെൽസി
ഞായർ രാത്രി 9.30: പിഎസ്ജി – ഇന്റർ മയാമി
തിങ്കൾ പുലർച്ചെ 1.30: ഫ്ലമൻഗോ – ബയൺ മ്യൂണിക്
ചൊവ്വ പുലർച്ചെ 12.30: ഇന്റർ മിലാൻ – ഫ്ലൂമിനൻസെ
ചൊവ്വ രാവിലെ 6.30: മാഞ്ചസ്റ്റർ സിറ്റി – അൽ ഹിലാൽ
ബുധൻ പുലർച്ചെ 12.30: റയൽ മഡ്രിഡ് – യുവന്റസ്
ബുധൻ രാവിലെ 6.30: ഡോർട്മുണ്ട് – മോൺടെറി