ക്ലബ് ലോകകപ്പിൽ ഇനി ആവേശപ്പോരാട്ടങ്ങൾ; ആദ്യ പ്രീക്വാർട്ടറിൽ ‘ബ്രസീലിയൻ പോര്’, പാൽമിയറാസ് ബൊട്ടഫാഗോയ്ക്കെതിരെ

Mail This Article
ഫിലാഡെൽഫിയ∙ ക്ലബ് ലോകകപ്പിലെ 32 ടീമുകൾ പതിനാറിലേക്കു ചുരുങ്ങിയപ്പോൾ 4 ബ്രസീൽ ക്ലബ്ബുകളാണ് അതിലുൾപ്പെട്ടത്. ലാറ്റിനമേരിക്കൻ അയൽക്കാരായ അർജന്റീനയിലെ രണ്ടു ക്ലബ്ബുകൾ നോക്കൗട്ട് കാണാതെ പുറത്തായപ്പോഴാണ് ബ്രസീലിൽനിന്നുള്ള പാൽമിയറാസ്, ബൊട്ടഫാഗോ, ഫ്ലൂമിനൻസെ, ഫ്ലമൻഗോ എന്നീ ടീമുകൾ നോക്കൗട്ടിലെത്തിയത്. അതിൽ 2 ടീമുകൾ – പാൽമിയറാസും ബൊട്ടഫാഗോയും – ഇന്നു രാത്രി 9.30ന് നേർക്കുനേർ.
ഗ്രൂപ്പ് എ ചാംപ്യന്മാരായാണ് പാൽമിയറാസ് പ്രീക്വാർട്ടറിൽ കടന്നത്. ഇന്റർ മയാമി, എഫ്സി പോർട്ടോ എന്നിവയ്ക്കെതിരെ സമനിലയും അൽ അഹ്‌ലിക്കെതിരെ ജയവും നേടിയാണു ബ്രസീൽ ക്ലബ് നോക്കൗട്ടിലേക്കു വരുന്നത്.
മറുവശത്ത് യൂറോപ്യൻ ചാംപ്യന്മാരായ പിഎസ്ജിയെ വീഴ്ത്തിയതോടെ താരപ്രഭയിലാണ് ബൊട്ടഫാഗോ. സമീപകാല ഫോമിൽ ബൊട്ടഫാഗോയാണു മുന്നിലെങ്കിലും രാജ്യാന്തര മത്സര പരിചയത്തിൽ പാൽമിയറാസിനാണു മുൻതൂക്കം.