എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത; തീമോർ ലെഷ്തിനെ വീഴ്ത്തി ഇന്ത്യ (4–0); പാക്കിസ്ഥാന് വമ്പൻ തോൽവി

Mail This Article
ചിയാങ് മായ് (തായ്‌ലൻഡ്) ∙ എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്കു തുടർച്ചയായ 2–ാം വിജയം. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള തീമോർ ലെഷ്തിനെ 4–0ന് ഇന്ത്യ തോൽപിച്ചു. വിങ്ങർ മനീഷ കല്യാൺ (12, 80 മിനിറ്റുകൾ), അൻജു തമാങ് (58), ലിൻഡ കോം സെർറ്റോ (86) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ 1–0നു മുന്നിലായിരുന്ന ഇന്ത്യൻ വനിതകൾ 2–ാം പകുതിയിൽ പോരാട്ടം കടുപ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ മംഗോളിയയെ 13–0ന് തോൽപിച്ച ഇന്ത്യ, ഇതോടെ 2 കളിയിൽ 6 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. തായ്‌ലൻഡിനും 6 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഇന്ത്യയ്ക്കു ലീഡ്.
ആദ്യ മത്സരത്തിൽ ഗോൾ നേടിയ മലയാളി താരം പി. മാളവികയ്ക്ക് ഇന്നലെയും ഇന്ത്യൻ കോച്ച് ക്രിസ്പിൻ ഛേത്രി അവസരം നൽകിയെങ്കിലും സ്കോർ ചെയ്യാനായില്ല. 56–ാം മിനിറ്റിൽ സൗമ്യ ഗുഗുലോത്തിനു പകരം മാളവിക കളത്തിലിറങ്ങി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ, തായ്‌ലൻഡ് 7–0ന് ഇറാഖിനെ തോൽപിച്ചതോടെ ബുധനാഴ്ചത്തെ ഇന്ത്യ – ഇറാഖ് മത്സരം നിർണായകമായി. ജൂലൈ 5ന് തായ്‌ലൻഡുമായി ഒരു മത്സരം കൂടി ഇന്ത്യയ്ക്കു ബാക്കിയുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർക്കു മാത്രമാണു ഫൈനൽ യോഗ്യത.
മറ്റൊരു മത്സരത്തിൽ ചൈനീസ് തായ്‌പേയ്‌ക്കെതിരെ പാക്കിസ്ഥാൻ ദയനീയ തോൽവി ഏറ്റുവാങ്ങി. മറുപടിയില്ലാത്ത എട്ടു ഗോളുകൾക്കാണ് പാക്കിസ്ഥാന്റെ തോൽവി.