മെസിയും സ്വാരെസും നോക്കിനിന്നു, ഇന്റർ മയാമിക്കെതിരെ ഒരു മയവുമില്ലാതെ പിഎസ്ജി; നാലു ഗോൾ അടിച്ചുകൂട്ടി വമ്പന് വിജയം

Mail This Article
അറ്റ്ലാന്റ (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ പുറത്താക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഇന്നലെ അർധരാത്രി അറ്റ്ലാന്റയിലെ മെഴ്സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4–0നാണ് പിഎസ്ജിയുടെ വിജയം. പോർച്ചുഗീസ് താരം ജോവ നെവസ് (6, 39 മിനിറ്റുകൾ), അച്റഫ് ഹാക്കിമി (45+3) എന്നിവർക്കൊപ്പം ഇന്റർ മയാമി താരം തോമസ് അവിലസിന്റെ സെൽഫ് ഗോളും (44–ാം മിനിറ്റ്) പിഎസ്ജിയുടെ അക്കൗണ്ടിലെത്തി. ആദ്യ പകുതിയിലായിരുന്നു 4 ഗോളുകളും.
മുൻ ബാർസിലോന താരങ്ങളായ ലയണൽ മെസ്സിയും ലൂയി സ്വാരെസും സെർജിയോ ബുസ്കെറ്റ്സും ജോർഡി ആൽബയും ഉൾപ്പെടുന്ന മയാമി ടീം, ബാർസയുടെ മുൻ കോച്ച് ലൂയി എൻറിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജിയെ നേരിടുന്നു എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു മത്സരം. എന്നാൽ, കളിയിൽ പിഎസ്ജിക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ മെസ്സിക്കും സംഘത്തിനുമായില്ല. ചില മയാമി മുന്നേറ്റങ്ങൾ പിഎസ്ജി ഗോളി ജിയാൻല്യൂജി ഡൊന്നാരുമയുടെ കൈകളിൽ അവസാനിക്കുകയും ചെയ്തു.
മുൻനിരയിൽ ലൂയി സ്വാരെസിനെയും ലയണൽ മെസ്സിയും ഇറക്കിയാണ് മയാമി കോച്ച് ഹവിയർ മസ്കരാനോ കളി ആസൂത്രണം ചെയ്തത്. ഇത്തവണത്തെ യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി ടീം അവരുടെ ടീം ലൈനപ്പിലും കാര്യമായ വിട്ടുവീഴ്ചകൾക്കു മുതിർന്നില്ല. ബ്രാഡ്‌ലി ബാർകോള, ഡിസയർ ഡുവേ, വിറ്റിഞ്ഞ, അച്‌റഫ് ഹാക്കിമി, ന്യൂനോ മെൻഡിസ്, ജോവോ നെവസ് തുടങ്ങിയ മുൻനിര താരങ്ങളെല്ലാം തുടക്കം മുതൽ കളത്തിലുണ്ടായിരുന്നു. ആദ്യപകുതിയിൽതന്നെ 4–0ന് ലീഡ് നേടിയതോടെ രണ്ടാം പകുതിയിൽ മറ്റൊരു ഗോൾമഴ പ്രതീക്ഷിച്ച ആരാധകരെ പക്ഷേ പിഎസ്ജി നിരാശരാക്കിയെന്നു മാത്രം.
ചെൽസിക്ക് മിന്നും ജയം; ക്വാർട്ടർ ഫൈനലിൽ ചെൽസി– പാൽമിയറാസ്
ഷാലറ്റ് (യുഎസ്എ)∙ ഇടിമിന്നൽ കാരണം 2 മണിക്കൂറിലേറെ വൈകിയ കളിയിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ 4–1നു തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. റീസെ ജയിംസ് (64–ാം മിനിറ്റ്), ക്രിസ്റ്റഫർ എൻകുൻകു (108), പെഡ്രോ നെറ്റോ (114), കയ്റൻ ഡ്യൂസ്ബറി ഹാൾ (117) എന്നിവരാണു ചെൽസിക്കായി ഗോൾ നേടിയത്. ബെൻഫിക്കയുടെ ഒരേയൊരു ഗോൾ ഏയ്ഞ്ചൽ ഡി മരിയയുടേതാണ് (90+5 പെനൽറ്റി). എക്സ്ട്രാ ടൈമിലേക്കു നീണ്ട ഒന്നാം പ്രീക്വാർട്ടറിൽ ബൊട്ടഫാഗോയെ 1–0നു തോൽപിച്ച പാൽമിയറാസുമായി വെള്ളിയാഴ്ചയാണ് ചെൽസിയുടെ ക്വാർട്ടർ പോരാട്ടം.
ക്ലബ് ലോകകപ്പ് ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിൽ, 64–ാം മിനിറ്റിൽ റീസെ ജയിംസാണ് ചെൽസിയുടെ സ്കോറിങ് തുടങ്ങിവച്ചത്. വിജയത്തിലേക്കെന്ന് ചെൽസി ആരാധകർ ഉറപ്പിച്ച നേരത്താണ് ഇടിമിന്നൽ വില്ലനായത്. കളി തീരാൻ 4 മിനിറ്റു മാത്രമുള്ളപ്പോൾ ഇടിമിന്നൽ കാരണം നിർബന്ധിത ഇടവേള. 2 മണിക്കൂർ കഴിഞ്ഞാണു പിന്നീടു കളിക്കാർ സ്റ്റേഡിയത്തിലേക്കു വന്നത്.
മാലോ ഗുസ്തോയുടെ കയ്യിൽ തട്ടിയ പന്തിന് റഫറി പെനൽറ്റി വിധിച്ചതാണു കളിയിലെ വഴിത്തിരിവ്. സ്പോട്ട് കിക്ക് അർജന്റീന താരം ഏയ്ഞ്ചൽ ഡി മരിയ ഗോളാക്കിയതോടെ (90+5 മിനിറ്റ്) അപ്രതീക്ഷിത സമനില (1–1). എക്സ്ട്രാ ടൈമിന്റെ 2–ാം മിനിറ്റിൽ തന്നെ ജിയാൻലുക്ക പ്രെസ്റ്റ്യാനി ചുവപ്പുകാർഡ് കണ്ടു പുറത്തായത് ബെൻഫിക്കയ്ക്കു തിരിച്ചടിയായി. 108–ാം മിനിറ്റിൽ ക്രിസ്റ്റഫൻ എൻകുൻകുവിന്റെ ടൈബ്രേക്കിങ് ഗോൾ പിറന്നു; ചെൽസിക്കു ലീഡ് (2–1). പിന്നാലെ, പെഡ്രോ നെറ്റോയും കയ്റൻ ഡ്യൂസ്ബറി ഹാളും കൂടി ചെൽസിക്കായി ഗോൾ നേടി.